എഡിറ്റര്‍
എഡിറ്റര്‍
ജാതി സംഘടനാ പ്രവര്‍ത്തനത്തിന് വിലക്ക്, പിരിവിന് കണക്ക് സൂക്ഷിക്കണം: സി.പി.ഐ.എം നയരേഖ
എഡിറ്റര്‍
Thursday 28th November 2013 7:11am

Pinarayi

പാലക്കാട്: പാര്‍ട്ടി അംഗങ്ങള്‍ ജാതി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിക്കൊണ്ട് സി.പി.ഐ.എമ്മിന്റെ നയരേഖ. ആരാധനാലയങ്ങളുടെ ഭാരവാഹിത്വം വഹിക്കുന്നതിനും വിലക്കുണ്ട്.

ജാതി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ ഉടന്‍ തന്നെ അതില്‍ നിന്ന് പിന്മാറണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഉത്സവങ്ങളിലും മറ്റും പങ്കെടുക്കുന്നതിന് വിലക്കില്ല.

പാലക്കാട് നടക്കുന്ന സംസ്ഥാനപാര്‍ട്ടി പ്ലീനത്തിലാണ് നയരേഖ അവതരിപ്പിച്ചത്.

പാര്‍ട്ടി ഫണ്ടിലേയ്ക്ക് പിരിച്ചെടുക്കുന്ന തുകയ്ക്ക് കൃത്യമായ കണക്കുകള്‍ ഉണ്ടാവണമെന്നും നയരേഖയില്‍ ആവശ്യപ്പെടുന്നു. വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കാത്ത ഘടകങ്ങള്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. വരവില്‍ കഴിഞ്ഞ സ്വത്ത് സമ്പാദിക്കുന്ന നേതാക്കളെയും അംഗങ്ങളെയും
പ്രത്യേകം നിരീക്ഷിക്കും.

പരിപാടി കഴിഞ്ഞാല്‍ കണക്കവതരിപ്പിക്കുന്ന രീതി പലയിടത്തുമില്ലെന്നാണ് കീഴ്ഘടകങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ഓരോ വര്‍ഷവും അംഗത്വം പുതുക്കുന്ന സമയത്ത് സ്വത്ത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. ഓരോ ഘടകത്തിലെയും സബ്കമ്മറ്റി ഇത് പരിശോധിക്കും. വെളിപ്പെടുത്തിയതിലും കൂടുതല്‍ സ്വത്തുണ്ടെന്ന് കണ്ടെത്തിയാല്‍ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തും.

എല്ലാ ഏരിയകമ്മറ്റികളിലും മുഴുവന്‍ സമയ സെക്രട്ടറി ഉണ്ടാവണം. ലോക്കല്‍ കമ്മറ്റികളില്‍ മുഴുവന്‍സമയ പ്രവര്‍ത്തകരില്ലെങ്കില്‍ ജില്ലാ കമ്മറ്റി അടിയന്തരനടപടികള്‍ സ്വീകരിക്കണം.  എല്ലാ ഏരിയയിലും ഒരു വനിതയെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് നിയോഗിക്കും.

ലോക്കല്‍, ഏരിയ കമ്മറ്റികള്‍ പിരിച്ചെടുക്കുന്ന ലെവിയുടെയും നല്‍കുന്ന അലവന്‍സിന്റെയും കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കണം. വരുമാനത്തിന്റെ നിശ്ചിത ശതമാനം പാര്‍ട്ടിക്ക ലെവി നല്‍കിയേ മതിയാവൂ എന്നും നയരേഖ വ്യക്തമാക്കുന്നു.

പാര്‍ട്ടിഘടകങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിന് 37 നിര്‍ദ്ദേശങ്ങളടങ്ങിയ രേഖയ്ക്ക് പ്ലീനം രൂപം നല്‍കി. അടുത്ത വര്‍ഷം ഡിസംബറോടെ പരിഷ്‌കരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുമെന്നും പ്ലീനത്തില്‍ തീരുമാനിച്ചു.

Advertisement