കൊച്ചി: ഒളിക്യാമറ വിവാദത്തില്‍പ്പെട്ട് സി.പി.ഐ.എം നടപടിക്കു വിധേയരായ ഗോപി കോട്ടമുറിക്കല്‍ ഉള്‍പ്പടെയുള്ളവര്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശം.  സി.പി.ഐ.എം എറണാകുളം ജില്ലാസെക്രട്ടറി എം.വി ഗോവിന്ദനാണ് നിര്‍ദേശം നല്‍കിയത്. ഗോപികോട്ടമുറിക്കലിന്റെ  വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

ഗോപി കോട്ടമുറിക്കല്‍, ചാക്കോച്ചന്‍, പി.എസ് മോഹനന്‍ എന്നിവരെയാണ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. നാളെയാണ് എറണാകുളം ജില്ലാകമ്മിറ്റി യോഗം നടക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റിന് യോഗം രൂപം നല്‍കും.

ഒളിക്യാമറ വിവാദത്തില്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നാളെ ജില്ലാകമ്മിറ്റി ചേരുന്നത്.

നടപടി ഉറപ്പായവര്‍ പങ്കെടുക്കാതെയുള്ള റിപ്പോര്‍ട്ടിംഗ് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  സി.പി.ഐ.എം ഭരണഘടന വകുപ്പ് 12 പ്രകാരം നടപടി നേരിട്ടവര്‍ക്ക് യോഗത്തിനെത്താന്‍ അവകാശമുണ്ട്. ഈ അവകാശം മാനിക്കേണ്ടത് ഭാരവാഹികളുടെ കടമയാണെന്നും ഭരണഘടനയില്‍ നിര്‍ദേശമുണ്ട്.