ഇംഫാല്‍: മുളകൊണ്ട് പല മനോഹരമായ കരകൗശല വസ്തുക്കളും നിര്‍മിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായ, അതേസമയം ഏറെ ഉപകാരപ്രദമായ ഒരു വസ്തു നിര്‍മിച്ചിരിക്കുകയാണ് മണിപ്പൂരികള്‍. മുളകൊണ്ട് നിര്‍മിച്ച സൈക്കിളാണ് ഇവര്‍ പുറത്തിറക്കിയിരിക്കുകയാണ്. പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.

മണിപ്പൂര്‍ ബാംബൂ മിഷനുമായും, ദ സൗത്ത് ഏഷ്യ ബാംബൂ ഫൗണ്ടേഷനുമായും സംയോജിച്ച് മണിപ്പൂര്‍ സൈക്കിള്‍ ക്ലബാണ് ഈ മുള സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ആഫ്രിക്കയിലെ ഘാന സന്ദര്‍ശനത്തിനിടെയാണ് മുളകൊണ്ടുണ്ടാക്കിയ സൈക്കിള്‍ നിര്‍മിക്കുകയെന്ന ആശയം തന്റെ മനസില്‍
വന്നതെന്ന് എസ്.എ.ബി.എഫ് സ്ഥാപകന്‍ കാമേഷ് സലാം പറയുന്നു.

‘ നമുക്ക് മുളകൊണ്ട് സൈക്കിള്‍ നിര്‍മിക്കണമെന്ന് മണിപ്പൂര്‍ സൈക്കിള്‍ ക്ലബ് പറഞ്ഞപ്പോള്‍ എനിക്ക് ആവേശമായി. കൂടാതെ മുളകൊണ്ട് സൈക്കിള്‍ ഉണ്ടാക്കി വിജയിച്ച ഘാന സാംബിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ കാണിച്ചുതന്ന മാതൃകയും എന്നെ പ്രചോദിപ്പിച്ചു. ഞാനാലോചിച്ചു എന്തുകൊണ്ട്
ഇത് മണിപ്പൂരില്‍ പറ്റില്ലയെന്ന്’ സലാം വ്യക്തമാക്കി.

ട്രാഫിക്കില്‍ നിന്നും, വായുമലിനീകരണത്തില്‍ നിന്നും രക്ഷനേടാന്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാരിതര സ്ഥാപനമാണ് മണിപ്പൂര്‍ സൈക്കിള്‍ ക്ലബ്. പരിസ്ഥിതി പ്രവര്‍ത്തകരായ ചിലര്‍ ചേര്‍ന്ന് സ്ഥാപിച്ച സംഘടനയാണിത്.

യൂറോപ്പ്, അന്റാര്‍ട്ടിക്ക് എന്നിവിടങ്ങളിലൊഴിച്ചാല്‍ ലോകത്ത് എല്ലായിടത്തും കാണുന്ന പല്ലുവര്‍ഗ്ഗത്തില്‍പ്പെട്ട വസ്തുവാണ് മുള. തെക്കേ ഇന്ത്യയില്‍ ഇത് ഏറെ സുലഭവുമാണ്.

Malayalam News

Kerala News in English