18 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ലോകം മുഴുവന്‍ പ്രചരിച്ച ബാല്യകാലസഖി സിനിമയാകുമ്പോള്‍ അതിന് പോസ്റ്റര്‍ തയ്യാറാക്കുന്നത് മണ്ണ് കൊണ്ട്. ലോകത്തുതന്നെ ആദ്യമായാണ് ഒരു സിനിമയുടെ പോസ്റ്റര്‍ കളിമണ്ണില്‍ ഒരുക്കുന്നത്.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയുടെ ടെറാക്കോട്ട പോസ്റ്ററുകള്‍ തയാറാക്കുന്നത് ഷെറീഫ് നിലമ്പൂരാണ്. ബാല്യകാലസഖി റിലീസ് ചെയ്യുന്ന കേരളത്തിലെ നാല്‍പ്പതു തീയറ്ററുകള്‍ക്കു മുന്നില്‍ ടെറാക്കോട്ട പോസ്റ്ററുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Subscribe Us:

കഥാനായകനായ മജീദായി മമ്മൂട്ടിയാണ് എത്തുന്നത്. നേരത്തെ ബഷീറിന്റെ മതിലുകള്‍ എന്ന കഥയ്ക്ക് സിനിമാ രൂപം ലഭിച്ചപ്പോഴും നായകന്‍ മമ്മൂട്ടിയായിരുന്നു.  മജീദിനെയും സുഹ്‌റയെയും കൂടാതെ ബഷീറിന്റെ മറ്റു കൃതികളിലെ കഥാപാത്രങ്ങളായ ആനവാരി രാമന്‍നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശു തോമ, സൈനബ എന്നിവരൊക്കെ സിനിമയില്‍ എത്തുന്നുണ്ട്. ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുന്ന സിനിമകൂടിയാണിത്

സിനിമയിറങ്ങുംമുമ്പ് പരമാവധി പബ്ലിസിറ്റി നേടാനുള്ള പരിപാടിയായി ഈ കളിമണ്‍ കലയെ കാണാമെങ്കിലും, ലോക സിനിമാരംഗത്തേക്ക് കേരളത്തിന്റെ സംഭാവനയാണിതെന്ന് നിസംശയം പറയാം.

ചിത്രത്തിന്റെ പോസ്റ്ററില്‍ മാത്രമല്ല സംഗീതത്തിനും പ്രത്യേകതയുണ്ട്. എടുത്തുപറയാന്‍ ഒരുപാടു പാട്ടുവിശേഷങ്ങളുമായാണ് ബാല്യകാലസഖിയെത്തുന്നത്.  97ാം വയസില്‍ കെ. രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഗാനം ഗന്ധര്‍വഗായകന്‍ കെ.ജെ. യേശുദാസ് ഈ ചിത്രത്തിനുവേണ്ടി ആലപിക്കും.

ഒ.എന്‍.വി. കുറുപ്പ് രചിച്ച് ജി- ദേവരാജന്‍ ഈണം നല്‍കി ഭാവഗായകന്‍ പി.ജയചന്ദ്രന്‍ ആലപിച്ച ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ… എന്ന ഗാനം ബാല്യകാലസഖിയില്‍ അതേപടി കേള്‍ക്കാം. കൂടാതെ നാലു പാട്ടുകളാണ് ചിത്രത്തില്‍. ശീര്‍ഷക ഗാനമടക്കം മൂന്നു പാട്ടുകളുടെ സംഗീതം നിര്‍വഹിക്കുന്നത് ഷഹബാസ് അമനാണ്. പി ഭാസ്‌കരന്‍ മാഷ് രചിച്ച വരികളാണ് ശീര്‍ഷക ഗാനത്തിനായി ഉപയോഗിക്കുന്നത്. മജീദിന്റെ കല്‍ക്കട്ടാ യാത്ര ചിത്രീകരിക്കുന്ന ഗാനം ശങ്കര്‍ മഹാദേവന്‍ ആലപിക്കും.

ശ്രീകുമാരന്‍ തമ്പി രചിച്ച യുഗ്മഗാനവും ചിത്രത്തിലുണ്ട്. നിലവില്‍ യേശുദാസും ചിത്രയും ഈ ഗാനം പാടുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കാവാലം നാരായണപണിക്കര്‍ രചിച്ച് ഷഹ്ബാസ് ഈണം നല്‍കിയ ഗാനമാണ് അടുത്തത്. ഈ ഗാനത്തിനും എടുത്തു പറയാവുന്ന പ്രത്യേകതയുണ്ട്. ബഷീറിന്റെ നോവലുകളില്‍ മാത്രം നമ്മള്‍ കണ്ട പദപ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കാവാലം ഈ ഗാനം രചിച്ചത്. എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിക്കുന്നത്.

ബാല്യകാലസഖിയില്‍ ബഷീറിന്റെ ഗ്രാമം പുനര്‍സൃഷ്ടിക്കാനും ശ്രമം നടത്തുന്നുണ്ട്. ചിത്രീകരണത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും മജീദിന്റേയും സുഹ്‌റയുടേയും ജീവിതകാലഘട്ടം മാറ്റങ്ങളില്ലാതെ വെള്ളിത്തിരയിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.