തിരുവന്തപുരം: ഹയര്‍ സെക്കണ്ടറി ഡയരക്ടറര്‍ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ച് സസ്‌പെന്‍ഷനിലായ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അഞ്ചു ലക്ഷം രൂപ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്.

കരിഓയില്‍ പ്രയോഗത്തിലൂടെ ഓഫീസിലെ സര്‍ക്കാര്‍ ഫയലുകള്‍ക്ക് കേട് പറ്റിയാതായി ചൂണ്ടിക്കാട്ടി പ്രതികള്‍ അഞ്ച് ലക്ഷം രൂപ കെട്ടി വെക്കണമെന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി.എ രാമചന്ദ്രന്‍ ഉത്തരവിട്ടു.

പ്രതികള്‍ വിദ്യാര്‍ത്ഥികളാണെന്ന് പരിഗണിച്ച് മാത്രമാണ് ജാമ്യം നല്‍കുന്നതെന്നും  പ്രതികളുടെ പ്രവൃത്തി അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും കോടതി നല്‍കി.

Ads By Google

കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്‍, ഇടുക്കി ഉടുംബൂര്‍ ശ്രീലാല്‍ (23), മംഗലത്തുകോണം വിഘ്‌നേഷ് (21), കണ്ണൂര്‍ ഇരിക്കൂര്‍ ഷാനുറാസ് (21), മലപ്പുറം കൈമനശേരി സാദിക്ക് (23), എറണാകുളം കുറ്റിക്കാട്ടുകര അഭിനാസ് (20), കരുനാഗപ്പള്ളി അന്‍സര്‍ (21), വയനാട് സുല്‍ത്താന്‍ ബത്തേരി ഷെമീം (21) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

പ്രതികള്‍ക്കുവേണ്ടി അഡ്വ. ജൂഡിറ്റ് സെബാസ്റ്റിന്‍, കാട്ടാക്കട എ.അബ്ദുള്‍ ഖാദര്‍, അംജിത്ത്. എ.ആര്‍ എന്നിവര്‍ ഹാജരായി.

പ്ലസ്  വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഈ മസം 5ാം തിയ്യതിയായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ദേഹത്ത് കരിഓയില്‍ അഭിഷേകം നടത്തിയത്.

ആദ്യം ഡയറക്ടറെ ഉപരോധിച്ച പ്രവര്‍ത്തകര്‍ ഓഫീസര്‍ക്ക് മുന്നില്‍ ഇരുന്ന് ചര്‍ച്ച നടത്തുന്നതിനിടെ കയ്യില്‍ കരുതിയ കരി ഓയില്‍ ഓഫീസറുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.