അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പറയാറുണ്ട്. എന്നാല്‍ അടുത്തുതന്നെ ഇതില്‍ നിന്നും കഷണ്ടിയെ ഒഴിവാക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Ads By Google

Subscribe Us:

കഷണ്ടിക്കുള്ള മരുന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗവേഷകരും മരുന്ന് കമ്പനികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നാണ് കഷണ്ടിയ്ക്കുള്ള മരുന്ന് എത്രയും വേഗം വിപണിയിലെത്തിക്കാന്‍ തീരുമാനമായത്.

കഷണ്ടിയ്ക്ക് കാരണമായ എന്‍സൈമിനെ പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇത് കഷണ്ടി ചികിത്സയ്ക്ക് വന്‍ മുതല്‍കൂട്ടാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

മുടിയുടെ മൂലകോശങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത രോമ ഫോസിലുകള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. മരുന്ന് കമ്പനികളുമായി കൂടിയാലോചിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ കഷണ്ടിക്കുള്ള മരുന്ന് വിപണിയിലെത്തിക്കുമെന്നാണ് ഡോ. ജോര്‍ജ് കോട്‌സാമളിസ് പറയുന്നത്.

മുടികൊഴിയാന്‍ ഇടയാക്കുന്ന എന്‍സൈമിനെ തടയുന്ന പ്രോട്ടീന്‍ നിലവില്‍ ആസ്ത്മയ്ക്കും അലര്‍ജിക്കും ഉപയോഗിക്കുന്ന മരുന്നുകളില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ഡോ. ജോര്‍ജ് പറയുന്നു. സാധാരണയായി കഷണ്ടി പാരമ്പര്യ രോഗമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലെന്നാണ് ഗവേഷകരുടെ നിഗമനം.

പ്രോസ്റ്റഗ്ലാന്‍സിന്‍ ഡി2 എന്ന എന്‍സൈമാണ് കഷണ്ടിയ്ക്ക് കാരണമെന്നാണ് ഇവരുടെ കണ്ടെത്തല്‍. അതേസമയം മുടി കൊഴിയുന്നത് തടയാന്‍ മാത്രമേ ഈ മരുന്നിനാകൂ. അല്ലാതെ കഷണ്ടിയായവര്‍ക്ക് ഇത് ഉപയോഗിച്ച് മുടി വളര്‍ത്താന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നും ഡോ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.