തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ തിരഞ്ഞെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  സപ്റ്റംബര്‍ ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, അഗ്നി ശമന സേനാമേധാവി എന്നീ പദവികള്‍ വഹിക്കുകയാണ്. ആഗസ്റ്റ് 31 ന് ജേക്കബ് പുന്നൂസ് വിരമിക്കുന്നത്.

Ads By Google

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ഡി.ജി.പി റാങ്കിലുള്ള നാലു ഉദ്യോഗസ്ഥരില്‍ നിന്ന് ബാലസുബ്രഹ്മണ്യത്തെ പോലീസ് മേധാവിയായി തിരഞ്ഞെടുത്തത്. സേവനകാലം കൂടുതലുണ്ടെന്നത് പരിഗണിച്ചായിരുന്നു തിരഞ്ഞെടുപ്പ്.

2015 മെയ് വരെയാണ്‌ ബാലസുബ്രഹ്മണ്യത്തിന്റെ കാലാവധി. ഡി.ജി.പിമാരിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും പോലീസ് അക്കാദമി ഡയറക്ടറുമായ കെ.ജി. പ്രേംശങ്കറിനെ പോലീസ് ഭരണപരിഷ്‌കാര കമ്മീഷനാക്കാനും തീരുമാനിച്ചു.

1955 ല്‍ തമിഴ്‌നാട്ടിലാണ് ബാലസുബ്രഹ്മണ്യം ജനിച്ചത്. ഷൊര്‍ണൂരിലും മൂന്നാറിലും എ.എസ്.പിയായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എസ്.പിയായും തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മീഷണറായും സേവനം
അനുഷ്ഠിച്ചിട്ടുണ്ട്‌. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ഐ.ജി, വിജിലന്‍സ് ഐ.ജി , ആര്‍.പി.എഫ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. രഹസ്യാന്വേഷണവിഭാഗമായ ‘റോ’യിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 ഐ.പി.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്.