ബാലയുടെ പുതിയ ചിത്രമായ പരദേശിയുടെ ഓണ്‍ലൈന്‍ പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയ പരസ്യ വീഡിയോ ചിത്രം വിവാദത്തില്‍.

Ads By Google

‘റിയാലിറ്റി ഇന്‍ ദ മേക്കിങ് ഓഫ് പരദേശി ഫീച്ചര്‍ ഫിലിം’ എന്ന പേരില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

സിനിമിലെ അഭിനേതാക്കളെ സംവിധായകന്‍ മര്‍ദ്ദിക്കുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് പരദേശിയുടെ ‘റിയാലിറ്റി ടീസറി’ല്‍ ഉള്ളത്.  ഈ രംഗങ്ങള്‍ കണ്ട് സിനിമാലോകത്തുള്ളവര്‍ തന്നെ ബാലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

സംവിധായകന്‍ ബാല താരങ്ങളെ ചവിട്ടുകയും, വലിയ വടി ഉപയോഗിച്ച് ക്രൂരമായി തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ട്രെയിലറിനൊടുവില്‍ സംതൃപ്തിയോടെ ചിരിക്കുന്ന ബാലയുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് കൂടുതല്‍ വിമര്‍ശനത്തിന് വിധേയമായത്.  ഇത് സംവിധായകന്റെ ക്രൂരമായ  നിലപാടിന് ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി സിനിമാലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയത്.

സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തിയവര്‍ ഈ സിനിമ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം   സംവിധായകന്‍ ബാലയ്ക്ക് പിന്തുണയുമായി ചിത്രത്തിലെ നടീനടന്‍മാര്‍ തന്നെ രംഗത്തു വന്നുകഴിഞ്ഞു.

ബാല  ഷോട്ടുകള്‍ അഭിനയിച്ചു കാണിക്കുന്ന ഷൂട്ടിങ് ദൃശ്യങ്ങള്‍ മാത്രമാണിതെന്നും,  ഇതിന്റെ പൂര്‍ണ്ണരൂപം  വീഡിയോയില്‍ വ്യക്തമാണെന്നും ചിത്രത്തിലെ നായിക വേദിക ട്വിറ്ററില്‍ പ്രതികരിച്ചു.

ഷൂട്ടിംഗ് സെറ്റുകളില്‍ മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ടെന്നും എന്നാല്‍ മനുഷ്യാവകാശം സംരക്ഷിക്കേണ്ടത്  സംവിധായകരുടെ കടമയാണെന്നും പ്രശസ്ത സംവിധായകന്‍   അറിവഴകന്‍ പറഞ്ഞു.

എന്നാല്‍ ബാല താരങ്ങളെ മര്‍ദ്ദിക്കുന്നതല്ലെന്നും രംഗങ്ങള്‍ അഭിനയിച്ചുകാണിക്കുന്നതിന്റെ ദൃശ്യങ്ങളാണവയെന്നുമാണ് ചിത്രത്തിന്റെ  അണിയറപ്രവര്‍ത്തകരുടെ വിശദീകരണം. താരങ്ങളെ തല്ലാനുപയോഗിക്കുന്ന വടി യഥാര്‍ത്ഥ വടിയല്ലെന്നും അവര്‍ പറയുന്നു.

എന്തായാലും സിനിമയുടെ പ്രമോഷനായി പുറത്തുവിട്ടിരിക്കുന്ന റിയാലിറ്റി ടീസര്‍ സിനിമയ്ക്ക് ദോഷമായി മാറുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.

പോള്‍ ഹാരിസ് ഡാനിയലിന്റെ ‘റെഡ് ടീ’ എന്ന നോവലിന്റെ തമിഴ് പരിഭാഷയായ ‘എരിയും പനിക്കാട്’ ആധാരമാക്കിയാണ് ബാല ‘പരദേശി’ എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഒരു തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അടിമജീവിതത്തേക്കുറിച്ചാണ് സിനിമ പറയുന്നത്.

അഥര്‍വ മുരളിയാണ് ചിത്രത്തിലെ നായകന്‍.