ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപ്പിള്ള സുപ്രീം കോടതിയില്‍ റിവ്യൂ ഹരജി ഫയല്‍ ചെയ്തു. വിധിയില്‍ നിയമപരമായും വസ്തുതാപരമായും പിഴവുകളുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന് താല്‍പര്യമില്ലാത്ത കേസില്‍ വി.എസിന് വ്യക്തിപരമായി ഹരജി നല്‍കാന്‍ അവകാശമില്ല. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെയല്ല ഹരജി നല്‍കിയത്. വി.എസ് ഇക്കാര്യത്തില്‍ അനാവശ്യ തിടുക്കം കാണിച്ചിട്ടുണ്ട്. തന്റെ ഭരണ കാലത്ത് തന്നെ കേസില്‍ വിധി വരുന്നതിനായി വി.എസ് നീക്കം നടത്തിയിരുന്നു.

കേസില്‍ 592 രേഖകളുണ്ടെങ്കിലും അവയെല്ലാം കോടതിയില്‍ ഹാരജാക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ 40 രേഖകള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വി.എസും സര്‍ക്കാറും ഒത്തു കളിച്ചിട്ടുണ്ട്. വിചാരണ കോടതി പോലും നിരീക്ഷിച്ച പല കാര്യങ്ങളും സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. വിധിയില്‍ നിരവധി തെറ്റുകളും വന്നിട്ടുണ്ട്. ഏത് പ്രൊവിഷന്‍ അനുസരിച്ചാണ് തനിക്കെതിരെ കുറ്റം ചുമത്തിയതെന്ന് വിധിയില്‍ പറയുന്നില്ല- തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്.

റിവ്യൂ ഹരജിക്കൊപ്പം ഇതില്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മറ്റൊരു അപേക്ഷയും ബാലകൃഷ്ണപ്പിള്ള സമര്‍പ്പിച്ചിട്ടുണ്ട്. സാധാരണയായി റിവ്യൂ ഹരജികളില്‍ വാദം കേള്‍ക്കാറില്ല. ബാലകൃഷ്ണപ്പിള്ളക്കെതിരെ ശിക്ഷ വിധിച്ച ജസ്റ്റിസുമാരായ സദാശിവവും ചൗഹാനുമുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ തന്നെയാണ് റിവ്യൂപെറ്റിഷനും പരിഗണനക്ക് വരിക.