കൊച്ചി:
ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപ്പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടു. ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും ഇടമലയാര്‍ പ്രത്യേക കോടതി ഉത്തരവിട്ടുണ്ട്.

നേരത്തേ പ്രത്യേക കോടതിയിലെത്തി ബാലകൃഷ്ണപിള്ള കീഴടങ്ങിയിരുന്നു. രാവിലെ 11 മണിയോടെയാണ് ബാലകൃഷ്ണപ്പിള്ള കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങാനായി ഇന്നലെ രാത്രിയോടെ പിള്ള കൊച്ചിയിലെത്തിയിരുന്നു. മകന്‍ ഗണേഷ്‌കുമാറിനൊപ്പം കാറിലാണ് അദ്ദഹം കോടതിയിലെത്തിയത്.

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപ്പിള്ളയെ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവിനും പതിനായിരം രൂപ ശിക്ഷക്കുമാണ് ശിക്ഷിച്ചത്. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും കോടതി പരിസരത്ത് തടിച്ച് കൂടിയിരുന്നു.

തന്നെ പൂജപ്പുര ജയിലിലേക്ക് അക്കണമെന്ന് പിള്ള കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താനൊരു രോഗിയയും മുന്‍ മന്ത്രിയുമാണ്. തനിക്ക് ജയിലില്‍ എ ക്ലാസ് പരിഗണന ലഭ്യമാക്കണമെന്നും ബാലകൃഷ്ണപ്പിള്ള കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ താന്‍ കോടതിയില്‍ കീഴടങ്ങാമെന്നും കുറച്ച് സമയം വേണമെന്നും ബാലകൃഷ്ണപ്പിള്ള അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടമലയാര്‍ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പെട്ടെന്ന് കീഴടങ്ങലുണ്ടായത്.

കേസിലെ മറ്റൊരു പ്രതിയായ പി.കെ സജീവനും കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ് സജീവന്‍.

ഇടമലയാര്‍ കേസ്

1982 ല്‍ ഇടമലയാര്‍ പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിക്കുന്നതിന് അധിക തുകയ്ക്ക കരാര്‍ നല്‍കിയതു വഴി സംസ്ഥാന ഖജനാവിനു 2 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണു കേസ്. 1985 ല്‍ വിജിലന്‍സ് കമ്മിഷന്‍ അന്വേഷിച്ച കേസാണിത്. ഇതേത്തുടര്‍ന്നു ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ അന്വേഷണ സമിതിയും കേസ് അന്വേഷിച്ചു ബാലകൃഷ്ണപിള്ള അടക്കമുള്ളവരെ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചിരുന്നു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഇതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്നാണു വിചാരണ നടത്താമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്. വിചാരണ കോടതി ബാലകൃഷ്ണ പിള്ള ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധി മുഖ്യമന്ത്രി അച്ച്യുതാനന്ദന് കൂടുതല്‍ കരുത്തു നല്‍കും. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തുമെന്ന തന്റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇടമലയാര്‍ കേസിലെ വിധി അച്ച്യുതാനന്ദനെ സഹായിക്കുമെന്നത് ഉറപ്പാണ്.

വി.എസിന്റെ പോരാട്ട വിജയം

ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപ്പിള്ളക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇ്‌പ്പോഴത്തെ വിധി. 1998ലാണ് കേസില്‍ ബാലകൃഷ്ണപ്പിള്ളയെ വെറുതെ വിട്ടുകൊണ്ട് കോടതി വിധിയുണ്ടാകുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌ക്കോടതി വിധി ഹെക്കോടതി അംഗീകരിച്ചു.

ഇതിനെതിരെ സംസ്ഥാനം അപ്പീല്‍ ഹരജി പോവാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദനാണ് 2005ല്‍ സുപ്രീം കോടതിയില്‍ പോയത്. 2006ല്‍ അപ്പീല്‍ പരഗിണിച്ച കോടതി പിന്നീട് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതെ തുടര്‍ന്ന് കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി.എസ് വീണ്ടും അപേക്ഷ നല്‍കി. ഇതനുസരിച്ചാണ് കോടതി കേസ് നടപടികള്‍ വേഗത്തിലാക്കി വിധി പ്രസ്താവിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാത്ത കേസില്‍ വി.എസിന് സ്വന്തം നിലയില്‍ അപ്പീല്‍ പോവാന്‍ അവകാശമില്ലെന്നായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ അഭിഭാഷകര്‍ പ്രധാനമായും ആരോപിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചല്ല.