Categories

ഇടമലയാറില്‍ കിട്ടാത്ത നീതി ലാവ്‌ലിനില്‍ കിട്ടി : ബാലകൃഷ്ണപ്പിള്ള

balakrishnappilla

തിരുവനന്തപുരം: ഒരു പൈസയുടെ അഴിമതി നടത്തിയെന്നോ സ്വജനപക്ഷപാതം കാട്ടിയെന്നോ സുപ്രീം കോടതി വിധിയില്‍പോലും ചൂണ്ടിക്കാണിക്കപ്പെടാത്ത കേസിലാണ് താന്‍ ഒരുവര്‍ഷത്തെ കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്നതെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള.

ഇടമലയാര്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ ദുഷ്ടലാക്കോടെ ഭരണകര്‍ത്താക്കളെ വേട്ടയാടുന്നത് ആശാസ്യമല്ലെന്നുമുള്ള ഹൈക്കോടതി വിധി വന്നശേഷമായിരുന്നു പിണറായി വിജയനെതിരെയുള്ള ലാവ്‌ലിന്‍ കേസ് രൂപപ്പെട്ടുവന്നത്.

ലാവ്‌ലിന്‍ കാര്യത്തില്‍ ഭരണാധികാരിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ഈ നിലപാട് സഭയിലും പുറത്തും പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ട്.

ഇടമലയാര്‍ കേസിന് ആസ്പദമായ കാലത്ത് ഒരു ഫയലില്‍പോലും ഞാന്‍ ഒപ്പിടുകയോ ഏതെങ്കിലും പ്രശ്‌നങ്ങളില്‍ ഇടപെടുകയോ ചെയ്തിട്ടില്ല.

സുപ്രീം കോടതി വരെ ഇക്കാര്യം ശരിവെക്കുന്നുമുണ്ട്. പണം വാങ്ങിയിട്ടില്ലെന്നും സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ പറയുന്നുണ്ടെന്നും ബാലകൃഷ്ണപ്പിള്ള പറയുന്നു.

ലാവ്‌ലിന്‍ കേസില്‍ വിധിപറഞ്ഞ ന്യായാധിപന്‍, മന്ത്രിമാര്‍ കൈക്കൊള്ളുന്ന ഔദ്യോഗിക തീരുമാനങ്ങളെ അഴിമതിയായി വിലയിരുത്താന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍, മന്ത്രിയായിരുന്ന ഞാന്‍ അറിയുകയോ തീരുമാനമെടുക്കുകയോ ചെയ്യാത്ത കാര്യത്തില്‍ ശിക്ഷിക്കപ്പെട്ടത് ശരിയോ തെറ്റോ എന്നു കാലം വിലയിരുത്തട്ടെയെന്നാണ് ബാലകൃഷ്ണപ്പിള്ള പറയുന്നത്.

കേരള ഹൈക്കോടതിയുടെ എണ്ണം പറഞ്ഞ വിധിന്യായങ്ങളില്‍ ഒന്നാണ് ഇടമലയാര്‍ കേസില്‍ എന്നെ കുറ്റവിമുക്തനാക്കിക്കൊണ്ട് ജസ്റ്റിസ് കൃഷ്ണന്‍നായര്‍ പുറപ്പെടുവിച്ചത്.

നിരപരാധിയായ എന്നെ ക്രൂശിക്കാന്‍ അച്യുതാനന്ദനും ദല്ലാള്‍ നന്ദകുമാറും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലാകെ ഇന്നു ചര്‍ച്ചചെയ്യപ്പെടുന്നതാണ്.

അക്കൗണ്ടന്റ് ജനറലിന്റെ വിരുദ്ധപരാമര്‍ശം ഉണ്ടായിട്ടും പിണറായി ധനസമ്പാദനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ പൂര്‍ണകുറ്റവിമുക്തനാക്കിയിരിക്കുന്നു.

അതില്‍ വളരെയധികം സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. എന്നിരുന്നാലും ഒരു പൈസയുടെപോലും അഴിമതി നടത്തിയില്ലെന്നു സുപ്രീം കോടതി വരെ വിധിയെഴുതിയിട്ടും എന്തുകൊണ്ട് തനിക്ക് ഈ നീതി ലഭിച്ചില്ലെന്നും ബാലകൃഷ്ണപ്പിള്ള ചോദിച്ചു.

മലയാള മനോരമയിലെ  ലേഖനത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ ഈ പരാമര്‍ശം.