കൊല്ലം: കെ.ബി ഗണേഷ്‌കുമാറിന്റെ വീട്ടിലെത്തിയ ആര്‍. ബാലകൃഷ്ണപ്പിള്ള മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ പരസ്യമായി മര്‍ദിച്ചു. ആറ് തവണ മുഖത്തും മുതുകിലും തലങ്ങും വിലങ്ങും ബാലകൃഷ്ണപ്പിള്ളയുടെ അടിയേറ്റ് വാങ്ങിയിട്ടും പേഴ്‌സണല്‍ അസിസ്റ്റന്റ് ഒന്നും പ്രതികരിച്ചില്ല. പിള്ളയുടെ ഒപ്പം കാറലുണ്ടായിരുന്ന മറ്റൊരാളാണ് മര്‍ദനത്തില്‍ നിന്ന് ഇയാളെ രക്ഷിച്ചത്. ഗണേഷിന്റെ പേഴ്‌സണല്‍ അസി.പ്രദീപ്കുമാറാണ് പാര്‍ട്ടി നേതാവിന്റെ കൈച്ചൂട് അറിഞ്ഞത്.

കഴിഞ്ഞ ദിവസം ബാലകൃഷ്ണപ്പിള്ളയുടെ ഗ്രൂപ്പ് യോഗം ചിലര്‍ ഇടപെട്ട് അലങ്കോലപ്പെടുത്തിയിരുന്നു. യോഗം കലക്കാന്‍ നേതൃത്വം നല്‍കിയത് പ്രദീപാണെന്ന് പിള്ള ഗ്രൂപ്പ് ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്യാനാണ് പിള്ളയും സഹായിയും പത്തനാപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തിയത്. നേരെ ഓഫീസിലേക്ക് കയറി പിള്ള പ്രദീപിനെ അന്വേഷിച്ചു. തുടര്‍ന്ന് പ്രദീപിനെ പൊതിരെ തല്ലുകയായിരുന്നു. ‘ എന്നെ അടിച്ചോളൂ… വേണമെങ്കില്‍ കൊന്നൂളൂ’ എന്ന് പറഞ്ഞതല്ലാതെ പ്രദീപ് പിള്ളയോട് മറ്റൊന്നും പറഞ്ഞില്ലെന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Subscribe Us:

മന്ത്രിയുടെ വീട്ടില്‍ നിവേദനം നല്‍കാന്‍ വന്നവര്‍ നോക്കിനില്‍ക്കെയായിരുന്നു പിള്ളയുടെ പരാക്രമം. പ്രദീപിനെ ഓഫീസിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് മര്‍ദിച്ചത്. ആറുതവണ ബാലകൃഷ്ണപ്പിള്ള പ്രദീപിനെ മര്‍ദിച്ചതായി ഗണേഷ്‌കുമാര്‍ ഗണേഷ്‌കുമാര്‍ സാംസ്‌കാരിക വേദി നേതാവ് പേരൂര്‍ സജീവ് പറഞ്ഞു. മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ വീട്ടിലാണ്.

കഴിഞ്ഞദിവസം പിള്ളയെ അനുകൂലിക്കുന്ന വിഭാഗം പത്തനാപുരത്ത് യോഗം ചേര്‍ന്നപ്പോള്‍ ഒരു സംഘം ആളുകള്‍ യോഗം അലങ്കോലമാക്കിയിരുന്നു. ഇത് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് പിള്ളയും സംഘവും ഗണേഷിന്റെ ഓഫീസിലെത്തിയത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം വിവരമറിഞ്ഞ് യു.ഡി.എഫ് നേതൃത്വം പ്രദീപുമായി ബന്ധപ്പെട്ട് പരാതി നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രദീപ് ഇതുവരെ പരാതി നല്‍കിയിട്ടില്ല. പിള്ള തല്ലിയതില്‍ തനിക്ക് പരാതിയില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ഏറെ സ്‌നേഹിക്കുന്ന ഗണേഷ്‌കുമാറിന്റെ അച്ഛനായതുകൊണ്ടും പ്രായത്തെ ബഹുമാനിക്കുന്നതുകൊണ്ടും നിയമനടപടികള്‍ക്ക് പോകുന്നില്ലെന്നും പ്രദീപ് പറഞ്ഞു. എന്നാല്‍ അടിച്ചുവെന്ന് ആരോപണമുണ്ടെങ്കില്‍ പരാതി നല്‍കട്ടെയെന്നാണ് ഇതെക്കുറിച്ച് ബാലകൃഷ്ണപ്പിള്ള പ്രതികരിച്ചത്.

ബാലകൃഷ്ണപ്പിള്ളമന്ത്രി ഗണേഷ്‌കുമാറും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്ത വിധം രൂക്ഷമാകുന്നതായാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക വിഭാഗത്തിനെതിരെ ജില്ലകള്‍ തോറും സമാന്തര കമ്മിറ്റികളുണ്ടാക്കാനുള്ള നീക്കത്തിലാണ് ഗണേഷ്‌കുമാര്‍.

ജില്ലകള്‍ തോറും സമാന്തരകമ്മിറ്റികള്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനം ഗണേഷ്‌കുമാര്‍ ആരംഭിച്ചു. മന്ത്രിയെ ബഹിഷ്‌ക്കരിക്കുന്ന കാര്യത്തില്‍ ജില്ലാകമ്മിറ്റികളിലുള്ള അഭിപ്രായഭിന്നത ശക്തമായി തുടരുകയുമാണ്. കഴിഞ്ഞദിവസം പത്തനാപുരത്ത് നടന്ന സംഭവത്തെത്തുടര്‍ന്ന് മന്ത്രിക്കെതിരേയുള്ള നപടിക്ക് വേണ്ടി പാര്‍ട്ടിയില്‍ ആവശ്യം ശക്തമായി.

വയനാട് മുതല്‍ ഏകശേദം തൃശൂരിന്റെ പകുതിവരെ വരുന്ന സ്ഥലങ്ങളില്‍ ഗണേഷിനോട് താല്‍പര്യമുള്ളവരെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമമാണു നടക്കുന്നത്. പ്രതിസന്ധി ഉണ്ടായപ്പോള്‍ തന്നെ തെക്കന്‍ ജില്ലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ ഗണേഷ്‌കുമാര്‍ സാംസ്‌കാരിക വേദി എന്ന സംഘടനയുടെ പേരിലാണ് ഇവിടെയും സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. അതേസമയം പാര്‍ട്ടി അച്ചടക്കം തീരെ പാലിക്കാത്ത മന്ത്രിയ്‌ക്കെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തമായിട്ടുണ്ട്.

Malayalam news

Kerala news in English