കൊല്ലം: ഇടമലയാര്‍ കേസില്‍ തന്നെ തടവിന് ശിക്ഷിച്ച സുപ്രീം കോടതി ജഡ്ജിക്കെതിരെ വ്യക്തിപരമായി വിമര്‍ശനം ഉന്നയിക്കില്ലെന്ന് ആര്‍. ബാലകൃഷ്ണപ്പിള്ള. വിധിയെ വിമര്‍ശിക്കാന്‍ തനിക്ക് അവകാശമുണ്ട്. എന്നാല്‍ ജഡ്ജിയെ വിമര്‍ശിക്കില്ല. ഇത്തരത്തിലൊരു വിമര്‍ശനം കഴിഞ്ഞ 54 വര്‍ഷത്തെ തന്റെ പൊതു ജീവിതത്തിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.

രാജ്യത്തെ ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. എന്നാല്‍ വിധിക്കെതിരെയുള്ള കെ.സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാലകൃഷ്ണപ്പിള്ള ഒഴിഞ്ഞുമാറി. ‘ അതൊന്നും എനിക്കറിയില്ല’ എന്നായിരുന്നു ഇതെക്കുറിച്ച് ബാലകൃഷ്ണപ്പിള്ളയുടെ പ്രതികരണം.

ഞാന്‍ ജനിച്ചത് ഈ നാടിന്റെ നന്മക്ക് വേണ്ടിയാണ്. ജയിലില്‍ പോകുന്നത് കൊണ്ട് വിഷമമൊന്നുമില്ല. നേരത്തെ അടിയന്തരാവസ്ഥക്കാലത്തും താന്‍ ജയിലില്‍ പോയിട്ടുണ്ട്. തനിക്ക് അധികാരമില്ലാതിരുന്ന ഒരു കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ചാണ് തന്നെ ശിക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.