എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ്‌കുമാറിനെ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രിയ്ക്ക് പിള്ളയുടെ കത്ത്
എഡിറ്റര്‍
Friday 13th April 2012 12:32pm

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ കേരളാകോണ്‍ഗ്രസ് (ബി) പിന്‍വലിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കും. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ബി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പിള്ള- ഗണേഷ്‌കുമാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് തീരുമാനം.

യു.ഡി.എഫ് മറ്റ് ഘടക കക്ഷികളുടെ കാര്യത്തില്‍ കാണിക്കുന്ന ആര്‍ജ്ജവം തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നതാണ് പിള്ളയുടെ ആക്ഷേപം. ബുധനാഴ്ചത്തെ ചര്‍ച്ചയെ സംബന്ധിച്ച് തനിക്കിതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അന്നേദിവസം കുമളിയില്‍ പാര്‍ട്ടി പരിപാടിയുള്ളതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നും പിള്ള വ്യക്തമാക്കി.

കെ.ബി ഗണേഷ്‌കുമാറിനെതിരെ ശക്തമായി തന്നെ മുന്നോട്ട് നീങ്ങാനാണ് ബാലകൃഷ്ണപിള്ളയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് കത്ത് തയ്യാറാക്കിയത്. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത് താനായതിനാല്‍ മന്ത്രിയെ പിന്‍വലിക്കാനും തന്റെ കത്ത് മതിയാവുമെന്ന് പിള്ള കഴിഞ്ഞദിവസം പറയുകയും ചെയ്തിരുന്നു.

ഗണേഷ്‌കുമാര്‍ തയ്യാറായില്ലെങ്കില്‍ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. 2004ലെ ഭരണഘടനാ ഭേദഗതി പ്രകാരം അച്ചടക്കലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രിയ്‌ക്കെതിരെ നടപടിയുമായി പാര്‍ട്ടിക്ക് മുന്നോട്ട് പോകാം.

അതേസമയം, ബാലകൃഷ്ണപിള്ളയുടെ തീരുമാനത്തിന് എന്‍.എസ്.എസിന്റെ പിന്തുണയുള്ളതായി സൂചനയുണ്ട്. നേരത്തെ ഗണേഷ്‌കുമാറും പിള്ളയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുത്തിരുന്നത് എന്‍.എസ്.എസ് ആയിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍.എന്‍.എസ് പിള്ളയെ പിന്തുണയ്ക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

Advertisement