കൊച്ചി: സമന്‍സ് ലഭിക്കുന്നതിനുമുന്‍പ് കീഴടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ളിയുടെ ഹരജി. കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. ബാലകൃഷ്ണപിള്ള ഇന്ന് കീഴടങ്ങുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ബാലകൃഷ്ണപ്പിള്ളയുടെ കീഴടങ്ങലോടെ രണ്ടു പതിറ്റാണ്ട് ഒരു കേസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കോടതി നടപടികള്‍ അവസാനിക്കും. ഒരു പതിറ്റാണ്ടു മുന്‍പ് കേസിലെ വിധി കേട്ട് ബാലകൃഷ്ണപ്പിള്ള കുഴഞ്ഞ് വീണത് ഈ കോടതി മുറിയിലായിരുന്നു.

ഈ കേസിനു വേണ്ടി മാത്രം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന കോടതി കുറച്ചുകാലം മുന്‍പ് പനമ്പിള്ളിനഗറിലേക്കു മാറ്റുകയായിരുന്നു. 1991 മാര്‍ച്ച് ഒന്നിനാണ് ഈ കോടതി സ്ഥാപിച്ചത്. 1999 നവംബര്‍ 10നാണ് ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്നു വിചാരണക്കോടതി വിധിച്ചത്. അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ച കോടതി നാലുവര്‍ഷത്തിലധികം കാലം ശിക്ഷയുണ്ടെങ്കില്‍ നേരേ ജയിലിലേക്കു പോകണമെന്നു വിധിച്ചതോടെയാണു ബാലകൃഷ്ണപിള്ള കോടതിമുറിയില്‍ ബോധംകെട്ടു വീണത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ജാമ്യം കിട്ടുകയും ചെയ്തു. ആര്‍. നടരാജനായിരുന്നു പിള്ളയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജി. അദ്ദേഹം പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി.