കോട്ടയം: കേരളത്തിലെ ക്രൈസ്തവ സഭകളെ നിയന്ത്രിക്കാന്‍ കെ എം മാണി മെനക്കെടേണ്ടെന്ന് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. സഭകളുടെ മുകളിലുള്ള ആളല്ല മാണിയെന്നും സഭകളെ നിയന്ത്രിക്കുന്നതിന് മാര്‍പാപ്പയുണ്ടെന്നും കോട്ടയം പ്രസ്‌ക്ലബിന്റെ ജനവിധി-2010 ല്‍ പങ്കെടുത്ത് ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

പി ജെ ജോസഫ്-കെ എം മാണി ലയനം ധാര്‍മ്മികമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എല്‍.ഡി.എഫ് വോട്ടു നേടി ജയിച്ച് എം.എല്‍.എ ആയവര്‍ അവിടെ നിന്ന് പടിയിറങ്ങിയപ്പോള്‍ മഞ്ഞളാംകുഴി അലിയെപ്പോലെ തല്‍സ്ഥാനം രാജിവെക്കണമായിരുന്നു. കേരളാ കോഗ്രസിന്റെ ആശയാടിത്തറക്ക് പ്രസക്തി കുറഞ്ഞു വരികയാണ്.
ഒരു മുന്നണിയിലുള്ളവര്‍ മുന്നണി വിടുമ്പോള്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് മര്യാദയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.