എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിനെതിരെ ഒന്നും പറയാനില്ല, പ്രവര്‍ത്തിക്കാനേയുള്ളൂ: പിള്ള
എഡിറ്റര്‍
Friday 11th May 2012 10:42am

കൊല്ലം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ ഇനി ഒന്നും പറയാനില്ലെന്നും പ്രവര്‍ത്തിക്കാനേയുള്ളൂവെന്നും കേരളാ കോണ്‍ഗ്രസ് ബി-ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഞാറയറാഴ്ച കോഴിക്കോട് ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിനുശേഷം ഗണേഷിന്റെ കാര്യത്തില്‍ എന്താണ് ചെയ്യുകയെന്ന് പറയാമെന്നും പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടിയെ വെല്ലുവിളിക്കാനുള്ള സംഘടനാശേഷി ഗണേഷിനില്ല. അത് ഗണേഷ് ആയിട്ടില്ല. ആദ്യം എം.എല്‍.എ ആയ സമയത്ത് ഗണേഷിന് പാര്‍ട്ടി അംഗത്വം പോലമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഗണേഷ് അനുകൂലികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടി അംഗങ്ങളല്ലെന്നും പിള്ള പറഞ്ഞു.

എന്‍.എസ്.എസിനെ അപമാനിച്ച ഗണേഷ്‌കുമാറിന്റെ നടപടിയാണ് തന്നെ ഏറ്റവുമധികം വിഷമിപ്പിച്ചത്. താനുമായി ആലോചിച്ചിട്ടല്ല ഗണേഷ്‌കുമാറിന്റെ വകുപ്പിന്റെ കാര്യം തീരുമാനിച്ചത്. ഗണേഷ് മന്ത്രിയായപ്പോള്‍ തന്നെ കാണാന്‍ ജയിലില്‍ വന്നത് വകുപ്പൊന്നും ഇല്ലെന്ന് പറയാനാണ്. എല്ലാവര്‍ക്കും വകുപ്പ് വിഭജിച്ചു നല്‍കിക്കഴിഞ്ഞപ്പോള്‍ തനിക്ക് വനംവകുപ്പ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നാണ് ഗണേഷ് തന്നോട് പറഞ്ഞത്. അത് ഏറ്റെടുക്കുന്നതില്‍ താല്‍പര്യക്കുറവുണ്ടായിരുന്നെങ്കില്‍ അതങ്ങ് രാജിവെച്ചാല്‍ പോരേയെന്നും പിള്ള ചോദിച്ചു.

ഗണേഷ്‌കുമാര്‍ സിനിമാ വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും പിള്ള പറഞ്ഞു. സിനിമാ മേഖലയിലുള്ള ചിലരെങ്കിലും അതുവഴി രക്ഷപ്പെടുമെന്നും പിള്ള വ്യക്തമാക്കി.

അതിനിടെ പിള്ള ഗണേഷ് തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫ് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. മുതിര്‍ന്ന നേതാവായതിനാല്‍ പിള്ള ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും തന്നെ അപമാനിച്ചതായി പിള്ള കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കൂടാതെ തന്നെ മന്ത്രിയാക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും പിള്ള കുറ്റപ്പെടുത്തിയിരുന്നു.

Malayalam News

Advertisement