കൊട്ടാരക്കര: താന്‍ ജയിലിലായിരുന്ന സമയത്ത് എ.കെ ആന്റണി തന്നെ വന്നുകാണാതിരുന്നതില്‍ ദുഃഖമുണ്ടായിരുന്നുവെന്ന് കേരളാകോണ്‍ഗ്രസ്-ബി നേതാവ് ആര്‍ .ബാലകൃഷ്ണപ്പിള്ള.

ആന്റണി പഠിക്കുന്ന കാലത്തുതന്നെ താനുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ വന്ന് കാണാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന് സാധാരണ അങ്ങനെ പിഴവ് പറ്റാറില്ല. ജയിലില്‍ പോയശേഷം പരോളില്‍ പുറത്തിറങ്ങിയ ഇന്നാണ് ആന്റണി വിളിച്ചത്. ആന്റണി വിളിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുറ്റവും ചെയ്യാതെ ജയിലില്‍ പോയ ആളാണ് താനെന്നും ഇനി തന്റെ പോരാട്ടം അഴിമതിക്കെതിരയായിരിക്കും. തന്റെ ശിക്ഷ രാഷ്ട്രീയ പകപോക്കലാണ്. കാണാത്ത ദൈവത്തെക്കാള്‍ കണ്ടദൈവത്തെയാണ് താനാരാധിക്കുന്നത്. അതിനാല്‍ ഇവിടെനിന്നും നേരെ മന്നംസമാധിയിലേക്ക് പോകുകയാണെന്നും പിള്ള പറഞ്ഞു.