Balakrishna Pillai

ഹരീഷ് വാസുദേവന്‍

ടവുശിക്ഷ അനുഭവിക്കവേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു ബാലകൃഷ്ണപിള്ളയുടെ തടവുശിക്ഷ നാല് ദിവസം കൂടി നീട്ടിയ വാര്‍ത്ത രണ്ട് മലയാള പത്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കുന്നത് രസകരമാണ്.

മലയാളമനോരമ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത് എങ്ങനെയാണെന്നു നോക്കൂ. ഒന്നാം പേജില്‍ സൈഡില്‍ രണ്ട് കോളം വാര്‍ത്തയാണ് മനോരമയ്ക്ക് ഇത്. ‘ഫോണ്‍ വിളി:പിള്ളയുടെ ശിക്ഷാ കാലാവധി നാല് ദിവസം കൂടി നീളും’ എന്നതാണ് തലവാചകം. എന്നാല്‍ മാതൃഭൂമിയില്‍ ഇത് ഒന്നാം പേജില്‍ വെണ്ടയ്ക്ക വാര്‍ത്തയാണ്. അതും നാലുകോളം. ‘ജയില്‍ ചട്ട ലംഘനം. ബാലകൃഷ്ണപിള്ളയ്ക്ക് നാല് ദിവസം കൂടി തടവ്’ എന്നാണ് മാതൃഭൂമിയുടെ താരതമ്യേന വ്യക്തമായ, ഫാക്ച്വല്‍ ആയ തലക്കെട്ട്. അതിനോടനുബന്ധിച്ച രണ്ട് അധികവാര്‍ത്തകള്‍ കൂടി മാതൃഭൂമി നല്‍കിയിട്ടുണ്ട്.

ഇനി വാര്‍ത്തയിലേക്ക് വന്നാല്‍ മാതൃഭൂമി താരതമ്യേന വിശദമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.  ‘ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രിയില്‍ കഴിയവേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. ഇക്കാര്യം ജയില്‍ എ.ഡി.ജി.പി.ക്ക് വേണ്ടി വെല്‍ഫെയര്‍ ഓഫീസര്‍ അന്വേഷിച്ചിരുന്നു. പിള്ള ജയില്‍ചട്ടം ലംഘിച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജയില്‍ വകുപ്പിന്റെ നടപടി’ എന്നാണ് മാതൃഭൂമി വാര്‍ത്ത. ഇതില്‍ ബാലകൃഷ്ണപിള്ള നടത്തിയ ചട്ടലംഘനം ഒരു വസ്തുതയായി ആണ് കൊടുത്തിരിക്കുന്നത്. അതിനുശേഷം നടന്ന വസ്തുതകളും അപ്രകാരം നല്കിയിരിക്കുന്നു.
mathrubhumi news on balakrishna pillai
എന്നാല്‍ മനോരമ എങ്ങനെ ഈ വിഷയം കൈകാര്യം ചെയ്തുവെന്ന് നോക്കുന്നത് രസകരമാണ്.  മനോരമ ചുരുക്കിയാണു ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത് (ആപ്പിള്‍ മുതലാളിയുടെ മരണവാര്‍ത്തയുടെ മുന്നില്‍ മനോരമയ്ക്ക് എന്ത് പിള്ള!).  വാര്‍ത്തയില്‍ മനോരമ പിള്ളയുടെ പക്ഷം പിടിക്കുന്നു. രണ്ടാം ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെ. ‘ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പുലിവാലായത്’. നമ്മുടെ ഒരു സുഹൃത്ത് ഒരു തെറ്റ് ചെയ്തതിനെപ്പറ്റി മറ്റൊരാളോട് നാം ന്യായീകരിച്ചു സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ടോണ്‍ ആണ് ഈ വാക്യത്തില്‍ മനോരമ ലേഖകന്റെത്.

സ്വന്തം ലേഖകന്‍ തുടരുന്നു….   ‘വാളകം സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ സ്വകാര്യ ചാനല്‍ ലേഖകന്‍ അത് റിക്കോര്‍ഡു ചെയ്തു പിള്ള ഫോണ്‍ ഉപയോഗിക്കുന്നുവെന്ന മട്ടില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.’ ചില്ലിട്ടു വയ്‌ക്കേണ്ട തരം വാചകമാണിത്. പിള്ളയേ ചാനലുകാര്‍ വിളിച്ചു ചതിക്കുകയായിരുന്നു എന്നാണതിന്റെ ടോണ്‍. പിള്ള ഫോണ്‍ ഉപയോഗിച്ചിട്ടില്ല. അഥവാ ഉപയോഗിച്ചുവെങ്കില്‍ കുറ്റം പിള്ളയുടെതല്ല, ചാനലിന്റെത് മാത്രമാവുന്നു!!  ‘പിള്ള ഫോണ്‍ ഉപയോഗിക്കുന്നുവെന്ന മട്ടില്‍ വാര്‍ത്ത നല്‍കുകയായിരുന്നു’ അല്ലാതെ പിള്ളേച്ചന്‍  ഫോണ്‍ ഉപയോഗിച്ചെന്നും അതില്‍ ചട്ടലംഘനം ഉണ്ടെന്നും മനോരമയ്ക്ക് ഇപ്പോഴും അഭിപ്രായം ഇല്ല !!!

പിന്നീടുള്ള വരികളില്‍ മനോരമയും മാതൃഭൂമിയും തമ്മില്‍ വസ്തുതാപരമായി യോജിക്കുന്നില്ല. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്നും, അതനുസരിച്ച് നടന്ന അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ എ.ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറിയെന്നും, ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് മനോരമ പറയുന്നത്. എന്നാല്‍ നടപടിയെടുത്ത ശേഷം ജയില്‍ എ.ഡി.ജി.പി വിവരം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു എന്നാണ് മാതൃഭൂമി പറയുന്നത്. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കേണ്ട ബാധ്യത മനോരമയ്ക്ക് ഉണ്ടെങ്കിലും മാതൃഭൂമി അത് ഇതുവരെ ഏറ്റെടുത്തു കണ്ടില്ല.

സ്വതവേ സവര്‍ണ്ണ ഹിന്ദുത്വത്തോടും വിശിഷ്യാ നായര്‍ സമുദായത്തോടും അനുകൂലനിലപാട് പ്രകടിപ്പിക്കുന്ന മാതൃഭൂമി പോലും ഇക്കാര്യത്തില്‍ മിതത്വം പാലിച്ചു. എന്നാല്‍ മലയാള മനോരമ പതിവുപോലെ വാക്കുകള്‍ക്കിടയിലൂടെ വായനക്കാരനെ മനോരമീയന്‍ കാഴ്ചപ്പാടിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഓരോ വിഷയത്തിലും മനോരമയുടെ ഈ വക്രീകരണം വായനക്കാരെ വഴിതെറ്റിക്കുന്നുണ്ട്. ഇതൊരു ഉദാഹരണം മാത്രം. ‘ധര്‍മ്മമാണ് കുലദൈവം’ എന്ന് പ്രഖ്യാപിക്കുന്ന മനോരമയുടെ ധര്‍മ്മം ഇത് തന്നെയായിരിക്കും.