എഡിറ്റര്‍
എഡിറ്റര്‍
മുണ്ടഴിഞ്ഞാല്‍ ഉടുക്കാനറിയാത്തയാളാണ് ഇന്നസെന്റ്: ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Saturday 15th March 2014 3:31pm

balakrishna-pillai--inno

കൊല്ലം: ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിനെ പരിഹസിച്ച് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ള. മുണ്ടഴിഞ്ഞാല്‍ ഉടുക്കാനറിയാത്തയാളാണ് ഇന്നസെന്റെന്ന് ബാലകൃഷ്ണപിള്ള.

പിന്നെയെന്തിനാണ് അദ്ദേഹം പാര്‍ലമെന്റില്‍ പോകുന്നതെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒന്നര മാസം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്നസെന്റ് തീരുമാനിച്ചത്രേ. അതു വേണ്ട. ചാലക്കുടിയില്‍ പി.സി ചാക്കോ സേവനം നടത്തിക്കോളും.

പാര്‍ലമെന്റില്‍ വന്ന് വല്ലതും പറയാന്‍ ഇന്നസെന്റിന് കഴിയുമോ. അവിടെ മുണ്ടും ബനിയനും ഊരി അഭിനയിക്കാന്‍ പറ്റില്ലല്ലോ- ബാലകൃഷ്ണപിള്ള പറഞ്ഞു.

മുമ്പ് സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചയാളാണ് ഇന്നസെന്റെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുമെല്ലാം വിമര്‍ശനങ്ങളുയര്‍ന്നതിന്റെ പിറകെയാണ് ബാലകൃഷ്ണപിള്ളയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

എറണാകുളം ജില്ലാ കമ്മറ്റിയിലാണ് അംഗങ്ങള്‍ ഇന്നസെന്റിനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ ആദ്യം ചോദ്യം ചെയ്തത്. എന്നാല്‍ പൊതു സമ്മതരായ ആളുകളെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്നസെന്റിന് സീറ്റ് നല്‍കിയതെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

സംവിധായകവന്‍ വിനയനും ഇന്നസെന്റിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം നടന്‍ കലാഭവന്‍ മണി ഇന്നസെന്റിന് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലം സന്ദര്‍ശിക്കുകയും പ്രചരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Advertisement