കൊച്ചി: ബാലകൃഷ്ണപിള്ള ജയിലിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവം അന്വേഷിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പി.എ.വര്‍ഗ്ഗീസിനാണ് അന്വേഷണ ചുമതല. ജയില്‍ എ.ഡി.ജി.പിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ജയില്‍ ചട്ടം 81 പ്രകാരമാണ് അന്വേഷണം നടത്തുക. കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ ബാലകൃഷ്ണപിള്ളക്ക് അനുവദിച്ച നാലു ദിവസത്തെ ശിക്ഷയിളവ് റദ്ദാക്കപ്പെടും.

ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് മൊബൈല്‍ഫോണില്‍ സംസാരിച്ചത്. സംസാരത്തിന്റെ വിശദാംശങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. ചാനല്‍ പ്രതിനിധി പ്രദീപ് സി നെടുമണുമായാണ് പിള്ള സംസാരിച്ചത്.

ജയില്‍പുള്ളികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് പിള്ള സ്വന്തം മൊബൈല്‍ ഉപയോഗിച്ച് സംസാരിച്ചത്.