തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ടെലിഫോണില്‍ സംസാരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് നിയമവിരുദ്ധമായി മൊബൈല്‍ഫോണില്‍ സംസാരിച്ചത്. സംസാരത്തിന്റെ വിശദാംശങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. ചാനല്‍ പ്രതിനിധി പ്രദീപ് സി നെടുമണുമായാണ് സംസാരിച്ചത്.

ജയില്‍പുള്ളികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് പിള്ള സ്വന്തം മൊബൈല്‍ ഉപയോഗിച്ച് സംസാരിച്ചത്. പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടതിനെക്കുറിച്ച് പ്രദീപ് പറയുന്നതിങ്ങനെ: ‘9447155555 എന്ന നമ്പറിലാണ് പിള്ളയെ വിളിച്ചത്. ഈ നമ്പര്‍ പിള്ള കുറേക്കാലമായി ഉപയോഗിക്കുന്നു എന്നാണ് എനിക്ക് ലഭിച്ച വിവരം. പിള്ളയുമായി അടുത്ത ബന്ധമുള്ളവര്‍ക്കെല്ലാം ഈ നമ്പര്‍ നന്നായി അറിയാം. നേരില്‍ കണ്ട് സംസാരിക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകനാണ് എന്നതിനാല്‍ എന്നെ അങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന മനസിലാക്കിയതിനാല്‍ പിള്ളയുടെ ഒരു സഹായിയെ വിളിച്ചു സംസാരിച്ചു. പിള്ളയെ വിളിച്ചാല്‍ സംസാരിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ പിള്ളയുടെ നമ്പറിലേക്ക് വിളിച്ചു. സഹായിയാണ് ഫോണ്‍ എടുത്തത്. അദ്ദേഹം ഫോണ്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൈമാറി. ആറ് മിനിറ്റ് നേരം പിള്ള ഫോണില്‍ സംസാരിച്ചു.

പിള്ള സംസാരിച്ചത് ഇങ്ങിനെ: ‘ എന്റെ സ്‌കൂള്‍ളുമായി ബന്ധപ്പെട്ട് പ്രശ്‌നമൊന്നുമില്ല. അവിടെയുള്ള ഒരധ്യാപകന് എന്തോ അപകടം പറ്റിയെന്ന് പത്രങ്ങളില്‍ നിന്ന് കേട്ടു. ഈ സംഭവം അന്വേഷിച്ച് എത്രയും പെട്ടെന്ന് കുറ്റക്കാരെ കണ്ടുപിടിക്കണമെന്ന് ഞാന്‍ സാറന്മാരോട് പറഞ്ഞിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ വളരെ ശക്തമായ നടപടിയെടുക്കാന്‍ പാര്‍ട്ടിക്കാര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ കുറ്റക്കാരനാണെന്ന് പറയുന്നത് അധ്യാപകന്റെ ബന്ധുക്കളാണ്. അവര്‍ എനിക്കെതിരെ പരാതി നല്‍കിയിരുന്നു.

ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങല്‍ അദ്ദേഹം തെളിയിക്കട്ടെ. അപകടസ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസുകാരോട് അധ്യാപകന്‍ ആദ്യം പറഞ്ഞത് ആക്‌സിഡന്റാണെന്നാണ് ഞാനറിഞ്ഞത്. പിന്നെ പറഞ്ഞു, ‘പിന്നെ പറയാം പിന്നെ പറയാമെന്ന് ‘ . അപകടസ്ഥലത്തുനിന്നും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച വിവേകാനന്ദന്‍ എന്ന അധ്യാപകന്‍ എന്നെ വന്നുകണ്ടിരുന്നു അദ്ദേഹം എന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്’.

തനിക്കിതൊന്നും പാടില്ല. താന്‍ ചെയ്യുന്നത് പുറത്തറിയിക്കരുത്. ഞാന്‍ നിങ്ങളോട് ഒന്നും സംസാരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞതായി ഇത് കൊടുക്കരുത്. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയതാണെന്ന് പറഞ്ഞാല്‍ മതി. എന്നെ ഉപദ്രവിക്കരുതേ. ഞാന്‍ ജീവിച്ചുപോയ്‌ക്കോട്ടെ എന്ന് പറഞ്ഞാണ് പിള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.

ഇതിനു പുറമേ മറ്റ് പല സൗകര്യങ്ങളും പിള്ളയ്ക്ക് അനുവദിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തടവുകാര്‍ക്കൊപ്പം സാധാരണ സഹായികളെ അനുവദിക്കാറില്ല. എന്നാല്‍ പിള്ളയ്‌ക്കൊപ്പം ആശുപത്രിയില്‍ ഒരു സഹായികൂടിയുണ്ട്. പിള്ളയുടെ അടുത്തേക്ക് മറ്റാരെയും പ്രവേശിപ്പിക്കാന്‍ പാടില്ലെന്നിരിക്കെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പിള്ളയുടെ ബന്ധുക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്.