എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിനെ രാജിവെയ്പ്പിച്ച് പിള്ളയ്ക്ക് മന്ത്രിയാകണം; അച്ഛന്റെയും മകന്റെയും തല്ലില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തി
എഡിറ്റര്‍
Friday 30th March 2012 12:00pm

തിരുവനന്തപുരം: മന്ത്രിയും തന്റെ മകനുമായ കെ.ബി ഗണേഷ് കുമാറിനെക്കൊണ്ട് സഹിക്കെട്ടുവെന്നും കേരളാ കോണ്‍ഗ്രസ് (ബി)ക്ക് വിധേയനാകാത്ത മന്ത്രിയെ തങ്ങള്‍ക്ക് വേണ്ടെന്നും കഴിഞ്ഞ ദിവസം ആര്‍. ബാലകൃഷ്ണ പിള്ള തീര്‍ത്തു പറഞ്ഞിരിക്കുകയാണ്. ഗണേഷിനെ പുറത്താക്കാനും പാര്‍ട്ടിക്ക് ആകെയുള്ള ഒരു മന്ത്രി സ്ഥാനം തിരികെ വാങ്ങാനും ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ പിള്ള ശ്രമിക്കുകയാണ്. തിരികെ കിട്ടുന്ന മന്ത്രിസ്ഥാനം സ്വന്തം പോക്കറ്റിലാക്കാനാണ് പിള്ളയുടെ നീക്കം.

പിറവം തലവേദന കഴിഞ്ഞപ്പോഴാണ് തങ്ങളുടെ ‘നിത്യഹരിത അഞ്ചാം മന്ത്രി’സ്ഥാനം വീണ്ടും ചോദിച്ച് മുസ്ലിംലീഗ് എത്തിയത്. അതിനു പിന്നാലെ രാജ്യസഭാ സീറ്റ് ചോദിച്ച് മാണി സാറും എത്തി. ഇതിന്റെയെല്ലാം പിന്നാലെയാണ് മകനെക്കൊണ്ട് പൊറുതി മുട്ടിയെന്നും പറഞ്ഞ് പിള്ള വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ബിയിലെ പോരില്‍ ഘടകക്ഷികളായി ലീഗിനും മാണി ഗ്രൂപ്പിനും കടുത്ത അതൃപ്തിയാണ് ഉള്ളത്.

പിള്ള-ഗണേഷ് പ്രശ്‌നത്തിന് പരിഹാരം ഗണേഷിന്റെ രാജിയാണെങ്കില്‍ അതായിരിക്കും നല്ലത് എന്ന് ഘടകക്ഷികളായ മുസ്്‌ലിം ലീഗും മാണി ഗ്രൂപ്പും നിലപാടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അണിയറയില്‍ അതിനായുള്ള ഒരു ഫോര്‍മുലയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ ഫോര്‍മുല പ്രകാരം ഗണേഷിനെ രാജി വെയ്പ്പിച്ച് പകരം പിള്ളയെ മന്ത്രിയാക്കും. പത്തനാപുരത്തു നിന്നും ഗണേഷ്‌കുമാറിനെ ഉടന്‍ രാജിവെയ്പ്പിക്കില്ല. നിയമസഭാംഗമല്ലാതെ തന്നെ ആറു മാസം മന്ത്രിയായിരിക്കാന്‍ സാധിക്കും. നേരത്തെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച് കെ. മുരളീധരന്‍ മന്ത്രിയാവുകയും പിന്നീട് ബാലറാമിനെ രാജി വെയ്പ്പിച്ച് വടക്കാഞ്ചേരിയില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഇതേ രീതിയാണ് പിള്ള-ഗണേഷ് വിഷയത്തില്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്നത്.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായി ചേര്‍ന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനം കൈകൊണ്ടത് എന്നാണ് യു.ഡി.എഫിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിസ്്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗണേഷ് നേരത്തെ അറിയിച്ചിരുന്നെങ്കിലും മന്ത്രിസ്ഥാനം ഒഴിയില്ലെന്നാണ് അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഗണേഷിന്റെ രാജിയും പിള്ളയുടെ സത്യപ്രതിജ്ഞയും.

Advertisement