കോഴിക്കോട്: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് -ബി നേതാവ് ആര്‍.ബാലകൃഷ്ണപിളള. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ മനുഷ്യനാണോ മൃഗമാണോ വലുത് എന്നത് സര്‍ക്കാര്‍ ചിന്തിക്കണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ കുടിയേറി പാര്‍ക്കപ്പെട്ട 75 ശതമാനം പേര്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേരള കോണ്‍ഗ്രസ് ബി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

കേരള കോണ്‍ഗ്രസ്-ബി മനുഷ്യസ്‌നേഹത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്. ഗാഡ്ഗില്‍ വന്നാല്‍ മലയോരമേഖലയിലെ ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ വന്യമൃഗ ശല്യം വര്‍ധിക്കും. ഇത് ഒരു കോടിയോളം ജനങ്ങളെ ബാധിക്കും. ബാലകൃഷ്ണപിള്ള പറഞ്ഞു.

വയനാട്ടില്‍ കടുവ ഇറങ്ങിയിട്ട് കേരള സര്‍ക്കാറിന് പിടിക്കാന്‍ കഴിയാതെ കര്‍ണാടകയില്‍ നിന്ന് ആനകളെ കൊണ്ടുവരേണ്ടിവന്നത് സംസ്ഥാന സര്‍ക്കാറിന് അപമാനമാണെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ കടുവ ജയിച്ചുവെന്നും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഇരുമുന്നണികളും ചെറുകിട രാഷ്ട്രീയ കക്ഷികള്‍ക്കു അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും അധികാരത്തില്‍ തുടരാന്‍ വേണ്ടി എന്തുചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.