എഡിറ്റര്‍
എഡിറ്റര്‍
ഇപ്പോഴത്തെ മൗനം വിദ്വാന് ഭൂഷണം എന്ന രീതിയിലല്ല; ‘ആസനത്തില്‍ ആലു മുളച്ചാലും ഭൂഷണം എന്ന നിലയിലാണ്; ‘അമ്മ’യ്ക്ക് ബാലചന്ദ്രമേനോന്റെ കത്ത്
എഡിറ്റര്‍
Tuesday 11th July 2017 10:42am

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്ത അമ്മ സംഘടനക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ബാലചന്ദ്രമേനോന്റെ കത്ത്.

ഇപ്പോള്‍ മൗനം ഭജിക്കുന്നത് ‘വിദ്വാന് ഭൂഷണം ‘ എന്ന രീതിയിലല്ലെന്നും മറിച്ചു ‘ആസനത്തില്‍ ആലു മുളച്ചാലും ഭൂഷണം ‘എന്നേ പൊതുജനം കരുതൂവെന്നും കത്തില്‍ ബാലചന്ദ്രമേനോന്‍ പറയുന്നു.
പൊതുസമൂഹത്തില്‍ സിനിമക്ക് അകത്തും പുറത്തും പിറവിയെടുക്കുന്ന അഭ്യൂഹങ്ങള്‍ അന്തസ്സായി നേരിട്ടേ പറ്റൂവെന്നും അമ്മ അടിയന്തരയോഗം വിളിച്ചുകൂട്ടി നടപടിയെടുക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണ രൂപം

അമ്മയുടെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും മുന്നില്‍ ഒരു സ്ഥാപക മെമ്പര്‍ എന്നനിലയില്‍ എനിക്ക് പറയാനുള്ളത് ……

അത്യന്തം വേദനയോടെയാണ് ഈ കുറിപ്പ്. വിശകലനത്തിനോ വിശദീകരണത്തിനോ മുതിരുന്നില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്തു അമ്മയുടെ ശ്രദ്ധയില്‍ പെടുത്തുക എന്നത് എന്റെ കടമയായതുകൊണ്ടു കുറിക്കുന്നു…


Dont Miss ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി എന്ന് പറയാനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കേണ്ടിയിരുന്നു; സൂപ്പര്‍ താരങ്ങളുടെ മൗനം അത്ഭുതപ്പെടുത്തിയെന്ന് എം.സി ജോസഫൈന്‍


‘അമ്മ എന്ന സംഘടനയെ ഞാന്‍ എന്റെ വീഡിയോയില്‍ പറഞ്ഞതുപോലെ ചെണ്ടയാക്കുന്ന രീതിക്കു അവസാനം ഉണ്ടാകണം. ആര്‍ക്കും എന്തും പറയാമെന്നു മട്ടില്‍ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ ‘അമ്മ ഭാരവാഹികള്‍ ( പ്രസിഡണ്ട്, സെക്രട്ടറി ,എക്സിക്യൂട്ടീവ് അംഗങ്ങള്‍….തുടങ്ങിയവര്‍ ) മൗനം പാലിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം ….ഇപ്പോള്‍ മൗനം ഭജിക്കുന്നത് ‘വിദ്വാന് ഭൂഷണം ‘ എന്ന രീതിയിലല്ല മറി ച്ചു ‘ആസനത്തില്‍ ആലു മുളച്ചാലും ഭൂഷണം ‘എന്നേ പൊതുജനം കരുതൂ . പൊതുസമൂഹത്തില്‍ സിനിമക്ക് അകത്തും പുറത്തും പിറവിയെടുക്കുന്ന അഭ്യൂഹങ്ങള്‍ അന്തസ്സായി നേരിട്ടേ പറ്റൂ .

അടിയന്തരമായി ‘അമ്മ’ യുടെ ഭാരവാഹികള്‍ ഒരു പ്രത്യേക പത്രസമ്മേളനം വിളിച്ചുകൂട്ടി അമ്മയുടെ നയം വ്യക്തമാക്കുക. അതെ തുടര്‍ന്ന് ഒരു പ്രത്യേക ജനറല്‍ ബോഡി വിളിച്ചുകൂട്ടി അംഗങ്ങളുടെ മനസ്സില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ‘ചാഞ്ചാട്ടങ്ങള്‍ ‘ ദൂരീകരിക്കുക.

അമ്മ …..പലരും പാടുപെട്ടു കെട്ടിപ്പൊക്കിയ ഒരു കൂട്ടായ്മ നില നില്‍ക്കണം….അഭിപ്രായങ്ങള്‍ക്കനുസരിച്ചു പിരിച്ചു വിടുന്ന ശീലം ഉണ്ടായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തു ഒറ്റ സംഘടനയും ഇന്ന് കാണില്ലല്ലോ .എന്നു മാത്രമല്ല , ഒരു വ്യക്തിയോ ഏതാനും പേരോ ചെയ്തു എന്നു പറയപ്പെടുന്ന ഒരു ഹീന കൃത്യത്തിന്റെ പേരില്‍ അതിനുള്ള പരിഹാരം അമ്മയെ വിഴുപ്പലക്കുന്ന കല്ലാക്കുകയല്ല വേണ്ടത് തക്കതായ പരിഹാരം കണ്ടത്തുകയാണ് വേണ്ടത്. ഏത്രയും പെട്ടന്നു ചികില്‍സ ആരംഭിക്കണമെന്നര്‍ത്ഥം …..

മറുപടിയും നടപടിയും പ്രതീക്ഷിക്കുന്നു …

സ്നേഹപൂര്‍വ്വം
ബാലചന്ദ്ര മേനോന്‍

Advertisement