തിരുവനന്തപുരം: താന്‍ അമ്മ സംഘടനയിലെ വെറും ഒരു അംഗം മാത്രമാണെന്നാണ് പുതുതലമുറയിലെ ചിലര്‍ കരുതിയിരിക്കുന്നതെന്നും എന്നാല്‍ ആ സംഘടനയ്ക്ക് അമ്മ എന്ന് പേരിട്ടത് പോലും താനാണെന്നും നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.

ചരിത്രം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കണം. എന്നാല്‍ മാത്രമേ അറിയുള്ളൂ. അമ്മ എന്ന സംഘടന ഉണ്ടാക്കണമെന്ന് ചിന്തിക്കുന്ന സമയത്ത് ഇപ്പോള്‍ നിങ്ങള്‍ പരാമര്‍ശിക്കുന്ന ആളുകളൊന്നും അതിലില്ല. അവര്‍ പിന്നീട് അതിലേക്ക് വന്നവരാണെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

0അമ്മ ജനറല്‍ ബോഡി യോഗത്തിനിടെ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാതിരുന്നതും വിഷയത്തില്‍ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാതിരിക്കുകയും ചെയ്ത വിഷയത്തെ കുറിച്ച് സംസാരിക്കാനായിരുന്നു ബാലചന്ദ്ര മേനോന്‍ വീഡിയോ തയ്യാറാക്കിയത്.

‘മുരളിയും വേണുനാഗവള്ളിയുമാണ് ഇങ്ങനെയാരു സംഘടന ഉണ്ടാക്കേണ്ടതിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തത്. വേണു നാഗവള്ളിയാണ് എന്നോട് ഈ സംഘടനയിലെ അംഗമാകണമെന്ന് പറഞ്ഞത്. അന്നും ഞാന്‍ നടനാണെന്ന ധാരണ എനിക്കില്ല. അല്ല ബാലചന്ദ്രനൊരു നടനാണ് അതുകൊണ്ട് അംഗമാകണമെന്ന് വേണു പറഞ്ഞു. പിന്നീട് വേണു പറഞ്ഞത് കറക്ടായി. ഏറ്റവും നല്ല സംവിധായകന്‍ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും നല്ല നടനാകാനുള്ള ഭാഗ്യവും എനിക്ക് കിട്ടി.’- ബാലചന്ദ്രമേനോന്‍ പറയുന്നു.

‘അമ്മയുടെ പ്രാരംഭദശയിലെ ചര്‍ച്ച വന്നപ്പോള്‍ എന്ത് പേരിടണമെന്ന ആലോചനയായി. ആ ഇടയ്ക്കാണ് ഞാന്‍ മലേഷ്യയില്‍ ഒരു യാത്രപോയത്. കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പോയത്. ആ മലയാളി സംഘടനയുടെ പേര് അമ്മ എന്നായിരുന്നു. അപ്പോല്‍ ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു.

മലേഷ്യയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ മുരളിയോടും വേണുവിനോടും അമ്മ എന്ന സംഘടനയുടെ പേരിന്റെ കാര്യം പറഞ്ഞു. അപ്പോള്‍ മുരളി ആ പേര് കൊള്ളാമല്ലോ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങളും ആ പേര് തന്നെ സംഘടനയ്ക്ക് ഇടാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എത്ര പേര്‍ക്കറിയാം. മാത്രമല്ല അതില്‍ ആറ് മാസം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

താരം താരാധിപത്യം എന്ന നിലയിലേക്ക് സംഘടന ഒരിക്കലും പോകരുതെന്ന് അന്നേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അങ്ങനയാണ് മധുസാറിന്റെ പ്രസിഡന്റാക്കി പാനല്‍ രൂപീകരിച്ചത്. ഞാന്‍ സെക്രട്ടറിയായി വേദിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എനിക്ക് മുന്‍പില്‍ കാണികളായിട്ട് ഇരുന്നു. എന്നാല്‍ അവരുടെ കൈപിടിച്ച് മാത്രമേ എനിക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയുകയുള്ളൂവെന്ന് അന്നത്തെ പ്രസംഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു.

അമ്മ ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അമ്മ ചെണ്ടയായി മാറിയിരിക്കുന്നു. അമ്മയില്‍ നിന്നും ഒരു ഔദാര്യവും ഞാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഞാന്‍ ആരോഗ്യപരമായി മോശമായിരിക്കുമ്പോഴും ഒന്നും എനിക്ക് ഒരു സഹായവും അമ്മ നല്‍കിയിട്ടില്ല.’

അമ്മ എന്നല്ലായിരുന്നു അച്ഛന്‍ എന്നായിരുന്നു ആ സംഘടനയ്ക്ക് പേരിടേണ്ടത് എന്നൊക്കെ ചിലര്‍ പറയുമ്പോള്‍ വിഷമമുണ്ടെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.