എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യാ-പാക് മത്സരം അനുവദിക്കരുത്; സുശീല്‍ കുമാര്‍ ഷിന്‍ഡേക്ക് ബാല്‍ താക്കറെയുടെ മുന്നറിയിപ്പ്
എഡിറ്റര്‍
Monday 5th November 2012 11:33am

മുംബൈ: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടത്തരുതെന്ന് കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേക്ക് ശിവസേന നേതാവ് ബാല്‍ താക്കറേയുടെ മുന്നറിയിപ്പ്. ആത്മാഭിമാനികളും ദേശസ്‌നേഹികളുമായ ഹിന്ദുക്കള്‍ മത്സരത്തിന് അനുവദിക്കില്ലെന്നാണ് താക്കറേയുടെ മുന്നറിയിപ്പ്.

‘ഷിന്‍ഡേ സാര്‍, നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കണം. ആത്മാഭിമാനവും രാജ്യസ്‌നേഹികളുമായ ഹിന്ദുക്കള്‍ അതിന് അനുവദിക്കില്ല.’ ബാല്‍ താക്കറെ പറഞ്ഞു.

Ads By Google

പാക്കിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തെ ‘ദേശീയ ലജ്ജ’ എന്നായിരുന്നു ശിവസേന വിശേഷിപ്പിച്ചത്. ദല്‍ഹി, കല്‍ക്കത്ത, ചൈന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. ഈ സ്ഥലങ്ങളിലെല്ലാം തന്നെ മുമ്പ് പാക്കിസ്ഥാന്‍ ആക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും താക്കറെ ചൂണ്ടിക്കാട്ടി.

‘മഹാരാഷ്ട്രയില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍  ചവിട്ടാന്‍ പാടില്ല. അവരുടെ പര്യടനം ദേശീയ ലജ്ജയാണ്.’ ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് താക്കറേ തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്. രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ  ബി.സി.സി.ഐ വഞ്ചിക്കുകയാണെന്നും താക്കറെ കുറ്റപ്പെടുത്തി.

പാക്കിസ്ഥാനുമായുള്ള മത്സരം മുംബൈ ആക്രമണത്തിലും പാര്‍ലമെന്റ് ആക്രമണത്തിലും മരിച്ച ജവാന്മാരോട് കാണിക്കുന്ന അപമാനമാണെന്നും താക്കറെ പറഞ്ഞു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതോടെ ഷിന്‍ഡേ പാക്കിസ്ഥാന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും താക്കറെ പറയുന്നു.

മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്‌കറുമല്ലാതെ മറ്റാരും ഇന്ത്യ-പാക് മത്സരത്തെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയത്തേയും സ്‌പോര്‍ട്‌സിനേയും വേര്‍തിരിച്ച് കാണണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ഷിന്‍ഡേ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള എതിര്‍പ്പാണ് താക്കറെ നല്‍കിയിരിക്കുന്നത്.

അടുത്ത മാസമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.

Advertisement