എഡിറ്റര്‍
എഡിറ്റര്‍
ബാല്‍ താക്കറെയുടെ നില അതീവ ഗുരുതരം; മുംബൈയില്‍ അതീവ ജാഗ്രത
എഡിറ്റര്‍
Thursday 15th November 2012 1:30pm

മുംബൈ: ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന് കൃത്രിമ ശ്വാസോച്ഛാസം നല്‍കിക്കൊണ്ടിരിക്കുകയാണ്.

താക്കറെയുടെ മുംബൈയിലെ വസതിയായ മാതോശ്രീലെ പ്രത്യേക മുറിയിലാണ് താക്കറെ ചികിത്സയില്‍ കഴിയുന്നത്. ശ്വാസതടസം നേരിടുന്ന താക്കറെ ഡോക്ടര്‍മാരുടെ  നിരീക്ഷണത്തിലാണ്.

Ads By Google

താക്കറെയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പലയിടങ്ങളിലും സംസ്ഥാന പോലീസ് സേനയ്ക്കും ആര്‍.പി.എഫിനും പുറമെ ദ്രുതകര്‍മസേനയെയും വിന്യസിച്ചിട്ടുണ്ട്.

മകന്‍ ഉദ്ധവ് താക്കറെ, മരുമകനും എം.എന്‍.എസ്. നേതാവുമായ രാജ് താക്കറെ, മുതിര്‍ന്ന നേതാക്കളായ മനോഹര്‍ ജോഷി, സുഭാഷ് ദേശായി എന്നിവരും ബന്ധുക്കളുമാണ് ഇപ്പോള്‍ താക്കറെയ്‌ക്കൊപ്പമുള്ളത്.

പാര്‍ട്ടിയുടെ ഉന്നത നേതാക്കളും എം.പിമാരും എം.എല്‍.എമാരും അടുത്ത ബന്ധുക്കളും രാത്രി ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയായ ‘മാതോശ്രീ’യിലെത്തി. ബാന്ദ്ര കലാ നഗറിലെ വീട്ടിലേക്കുള്ള വഴികള്‍ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് നിയന്ത്രിച്ചു കഴിഞ്ഞു. മേഖലയിലെങ്ങും സുരക്ഷ ശക്തമാക്കി.

സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാനനിലയെ കുറിച്ച് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ചീഫ് സെക്രട്ടറി ജെ.കെ. ബാന്ദ്യ, ഡി.ജി.പി. സഞ്ജീവ് ദയാല്‍, മുംബൈ പോലീസ് കമ്മീഷണര്‍ എസ്.പി.സിങ് എന്നിവരുമായി ചര്‍ച്ച നടത്തി.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍, ഛഗന്‍ ബുജ്ബല്‍, ഗോപിനാഥ് മുണ്ടെ, രാംദാ അത്‌വാലെ, എന്നിവര്‍ താക്കറെയെ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി ശരത് പവാര്‍ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് താക്കറെയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞിരുന്നു.

ഇന്നലെ രാത്രി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനും താക്കറെയെ സന്ദര്‍ശിച്ചു.

താക്കറെ പൂര്‍ണ ആരോഗ്യത്തോടെത്തന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്നുതെന്നയാണ് വിശ്വാസമെന്ന് ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡന്റ് കൂടിയായ മകന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. താക്കറെയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ കഠിനമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ഉദ്ധവ് പറഞ്ഞു.

താക്കറെ വെന്റിലേറ്ററിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹം പരന്നിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം ഇത് നിഷേധിച്ചിരുന്നു. അതേസമയം, അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും ഭക്ഷണം കഴിക്കുന്നില്ലെന്നും സമ്മതിച്ചിരുന്നു.

Advertisement