എഡിറ്റര്‍
എഡിറ്റര്‍
അറസ്റ്റിലായ ബജ്‌രംഗദള്‍ നേതാവിനെ പുറത്തിറക്കാന്‍ സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ച് പ്രവര്‍ത്തകര്‍; ഒടുവില്‍ പ്രതിയ വിട്ടയച്ച് പൊലീസ്
എഡിറ്റര്‍
Sunday 16th July 2017 3:17pm

ഭോപ്പാല്‍: അറസ്റ്റിലായ ബജ്‌രംഗദള്‍ നേതാവിനെ പുറത്തിറക്കാനായി സ്‌റ്റേഷന്
മുന്നില്‍ സംഘര്‍ഷഭീതിയുയര്‍ത്തി പ്രവര്‍ത്തകര്‍. പൊതുയിടത്ത് മദ്യപിക്കുകയും അത് ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരിലാണ് ബജ്‌രംഗദളിന്റെ പ്രാദേശിക നേതാവായ കമലേഷ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതറിഞ്ഞ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തുകയും സംഘര്‍ഷത്തിന് മുതിരുകയുമായിരുന്നെന്ന് എന്‍.ടി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss പശുവിനെ കൊന്നാല്‍ അഞ്ച് മുതല്‍ 14 വര്‍ഷം വരെ തടവ്; മനുഷ്യനെ കൊന്നാല്‍ 2 വര്‍ഷവും; ഇതെന്ത് നീതിയെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജി


മാര്‍ക്കറ്റില്‍ വെച്ച് മദ്യപിക്കുകയായിരുന്ന താക്കൂറിനെ തങ്ങള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം തങ്ങള്‍ക്ക് നേരെ അസഭ്യം പറയുകയായിരുന്നെന്നും തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതോടെ നൂറ് കണക്കിന് വരുന്ന ബജ് രംഗദള്‍ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും വലിയ രീതിയിലുള്ള സംഘര്‍ഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിട്ടയക്കുന്നത് വരെ സ്റ്റേഷന്‍ ഉപരോധിക്കുമെന്നായിരുന്നു അവര്‍ ഭീഷണിമുഴക്കിയത്. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗ്‌സഥര്‍ സംഭവസ്ഥലത്തെത്തിയതായും ഇയാളെ സ്‌റ്റേഷനില്‍ നിന്നും വിട്ടയക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

താക്കൂറിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമെതിരെ പൊലീസിനെ തടഞ്ഞതിനും പൊലീസിന്റെ പൊതുസേവനം തടസ്സപ്പെടുത്തിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയാന്‍ ക്രിമിനലുകളെ സഹായം തേടിയതിനുമുള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു.

അതേസമയം താന്‍ മാര്‍ക്കറ്റിലെത്തിയത് സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടിയാണെന്നും നിരപരാധിയാണെന്നും സ്റ്റേഷനില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താക്കൂര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന് യാചിച്ചിട്ടും പൊലീസുകാര്‍ കേട്ടില്ലെന്നും അവര്‍ തന്നെ സ്റ്റേഷനുള്ളില്‍ പിടിച്ചിടുകയായിരുന്നെന്നും താക്കൂര്‍ ആരോപിച്ചു.

Advertisement