ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഹിന്ദു മുസ്‌ലീം ദമ്പതിമാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. മീററ്റ് കോടതിയിലാണ് സംഭവം.

ഹിന്ദു പെണ്‍കുട്ടിയും മുസ്‌ലീം യുവാവും തമ്മില്‍ നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതാണ് ബജ് റംദളുകാര്‍ തടഞ്ഞത്. ഷംലി സ്വദേശിയും 19 കാരനുമായ യുവാവും ഗ്രേറ്റര്‍ നോയിഡയിലെ 19 കാരിയായ പെണ്‍കുട്ടിയുമായിരുന്നു തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യമായി കോടതിയില്‍ എത്തിയത്. എന്നാല്‍ ചില വലതുപക്ഷ പ്രവര്‍ത്തകരും ബജ് രംഗദളുകാരും കോടതിയിലേക്ക് തള്ളികയറുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ സംഭവസ്ഥലത്തുനിന്നും ഇരുവരേയും പൊലീസുകാര്‍ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്കെതിരെ തട്ടിക്കയറുകയും ചെയ്തു.


Dont Miss രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണെന്ന് സംശയമുണ്ട്; വീട്ടില്‍ പള്ളിയുണ്ടെന്നും തോന്നുന്നു; രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ സുബ്രഹമണ്യന്‍ സ്വാമി


ദമ്പതികളെ ഫരീദാബാദ് പൊലീസാണ് സംഭവസ്ഥലത്ത് നിന്നും രക്ഷിച്ചുകൊണ്ടുപോയതെന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നതായും സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ധീരജ് ശുക്ല പറഞ്ഞു. പെണ്‍കുട്ടി ഫരീദാബാദിലെ കോളേജ് വിദ്യാര്‍ത്ഥിയാണ്.

എന്നാല്‍ ലൗജിഹാദാണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റുകയായിരുന്നെന്നും ബജ്‌റംഗദളിലന്റെ വെസ്റ്റ് യു.പി കണ്‍വീനര്‍ ബല്‍രാജ് ദുംഗര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കളക്ടേറ്റില്‍ ഹാജരായ ഈ പെണ്‍കുട്ടി ബുര്‍ഖയായിരുന്നു ധരിച്ചിരുന്നത് എന്നാണ് ഇവര്‍ ഇതിനായി ഉന്നയിക്കുന്ന വാദം.