മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ മോട്ടോര്‍ബൈക്ക് നിര്‍മാതാവായ ബജാജ്, പള്‍സറിന് പുതിയ പതിപ്പിറക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ പതിപ്പ് ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് രാജീവ് കമ്പനി എം. ഡിയായ ബജാജ് വെളിപ്പെടുത്തി. പുതിയ സാങ്കേതികതകള്‍ പേറുന്ന പുതിയ പള്‍സര്‍ പതിപ്പ് ഡിസംബറില്‍ ലോഞ്ച് ചെയ്യുമെങ്കിലും 2012 ജനുവരിയിലായിരിക്കും വിപണിയിലെത്തുക.

‘2001 നവംബറിലാണ് ഞങ്ങള്‍ ആദ്യ പള്‍സര്‍ പുറത്തിറക്കിയത്. സവിശേഷമായ എഞ്ചിന്‍ ടെക്‌നോളജിയോടുകൂടിയ 100% പുതിയ ബൈക്ക് പുറത്തിറക്കാന്‍ പോകുകയാണിപ്പോള്‍. ഡി.ടി.എസ-iയ്ക്കുശേഷമുള്ള ഏറ്റവും വലിയ കാല്‍വെപ്പാണിത്.’ രാജീവ് ബജാജ് പറഞ്ഞു.

Subscribe Us:

ലോകത്തില്‍ മറ്റെവിടെയുമില്ലാത്ത സവിശേഷതകളോടുകൂടിയാണ് തങ്ങളുടെ പുതിയ ബൈക്ക് വരുന്നത്. എന്നാല്‍ എന്തൊക്കെ സവിശേഷതകളാണുള്ളതെന്ന് പുറത്തുവിടാന്‍ ബജാജ് തയ്യാറായിട്ടില്ല. ലോഞ്ചിംഗ് സമയത്തുമാത്രമേ പുറത്തുവിടൂ എന്ന് രാജീവ് ബജാജ് പറയുന്നു.

കമ്പനിയുടെ നിലവിലുള്ള വിപണിവിഹിതം കൂട്ടുവാന്‍ പുതിയ പള്‍സര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 27 ശതമാനമാണ് നിലവിലെ വിപണിവിഹിതം. ഇത് 30 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 500 കോടിയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയുള്ളതായും രാജീവ് വ്യക്തമാക്കുന്നു. മൊത്തം വാഹനങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയര്‍ത്തുകയും കയറ്റുമതി 15 ലക്ഷത്തിലേക്ക് കയറ്റുകയും ചെയ്യുക എന്നതുമാണ് അടുത്ത സാമ്പത്തിക വര്‍ഷത്തിലെ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.