ന്യൂദല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ നാലാംപാദ അറ്റാദായത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. മാര്‍ച്ചില്‍ അവസാനിച്ച കണക്കുകളനുസരിച്ച് വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1400.39 കോടിയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഇതേസമയം കമ്പനിയുടെ ആകെ വരുമാനം 525.65 കോടി രൂപയായിരുന്നു. ജനുവരി-മാര്‍ച്ച് കാലയളവില്‍ ബജാജ് ഓട്ടോയുടെ വില്‍പ്പനയില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 9,48,198 യൂണിറ്റുകളാണ് ഈ കാലയളവില്‍ വിറ്റുപോയത്.

പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ഇക്യുറ്റി ഷെയറിലും 40 രൂപവെച്ച് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.