പൂനെ: ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും ഉല്‍പാദകരായ ബജാജ് ഓട്ടോ ലിമിറ്റഡ് 2012-ഓടുകൂടി നാലുചക്ര വാഹനങ്ങളുടെ ഉല്‍പാദന രംഗത്തേക്ക് കടക്കാനൊരുങ്ങുന്നു. തങ്ങളുടെ വ്യാപാര പങ്കാളികളായ റിനോള്‍ട്ട്, നിസ്സാന്‍ മോട്ടോര്‍ എന്നിവരുമായിച്ചേര്‍ന്നാണ് ബജാജ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്.

വളരെ വിലകുറഞ്ഞ യാത്രാ വാഹനമായിരിക്കും ബജാജ് ഇറക്കുകയെന്ന് മാനേജിങ് ഡയറക്ടറായ രാജീവ് ബജാജ് പറഞ്ഞു. ടാറ്റയുടെ നാനോ കാറിനെ ഇത് മറികടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ജനങ്ങള്‍ സ്‌കൂട്ടറുകള്‍ വാങ്ങുന്ന കാലത്തോളം ബജാജ് സ്‌കൂട്ടറുല്‍പാദനം തുടരും. എന്നാല്‍ ആ മേഖലയില്‍ പുതിയ വിഭാഗങ്ങളിറക്കാനായിരിക്കും ബജാജ് ശ്രമിക്കുക’, സ്‌കൂട്ടറുല്‍പാദനത്തെ പറ്റി ബജാജ് പറഞ്ഞു. വിലകുറഞ്ഞ കാറുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും റിക്ഷകള്‍ക്കും വേണ്ടി ബജാജ് പ്ലാറ്റ് ഫോം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.