കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂര്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

Ads By Google

Subscribe Us:

ജയരാജന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശാരീരിക അവശതകള്‍ നേരിടുന്ന ആളാണ് പ്രതിയെന്നും ജയരാജന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശശീന്ദ്രന്‍ കോടതിയെ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവായ കെ. സുധാകരന്‍ എം.പി വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ജയരാജനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ജില്ലയില്‍ മുസ്‌ലീം ലീഗിന്റെ തീവ്രവാദത്തെ എതിര്‍ത്തതിനെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. ലീഗിന്റെ സമ്മര്‍ദഫലമായാണ് ജയരാജനെ പ്രതിയാക്കിയത്. ഷൂക്കൂറിന്റെ കൊലപാതകത്തിന് ശേഷം പള്ളികള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി പണപ്പിരിവ് നടക്കുന്നതിനെക്കുറിച്ച് ജയരാജന്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതാണ് ശത്രുതയ്ക്കുള്ള കാരണം.

ലീഗിന്റെ സമ്മര്‍ദത്തിനനുസരിച്ച് മുഖ്യമന്ത്രി നീങ്ങുകയാണ്. മൂന്നു തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും ജയരാജന്‍ പ്രതിയാണെന്ന പ്രചാരണം ഉണ്ടായിരുന്നു. കൂടാതെ 118ാം വകുപ്പ് പ്രകാരം കേസെടുക്കാനുള്ള യാതൊരു തെളിവും ജയരാജനെതിരെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല- തുടങ്ങിയ വാദങ്ങളാണ് ജയരാജന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്.

കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും പബ്ലിക് പ്രോസിക്യുട്ടര്‍ സി.കെ ശ്രീധരന്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ പ്രതി തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

ജയരാജനെ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 157 അക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി പോലീസുകാര്‍ ആക്രമിക്കപ്പെട്ടു. രണ്ട് സി.ഐ.മാരുടെ ക്വാര്‍ട്ടേഴ്‌സും ആലക്കോട് സി.ഐ.യും ആക്രമിക്കപ്പെട്ടു. കേരളത്തിലാകമാനം നൂറുകണക്കിന് അക്രമങ്ങളാണുണ്ടായത്. ഇത് കോടതി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തളിപ്പറമ്പ് അരിയില്‍ മുസ് ലീംലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 1നാണ് ജയരാജനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 118 വകുപ്പ് പ്രകാരമാണ് ജയരാജനെതിരെ പോലീസ് കേസെടുത്തത്. കേസില്‍ 38ാം പ്രതിയാണ് ജയരാജന്‍. കൊലപാതകം സംബന്ധിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ല എന്ന കുറ്റമാണ് ജയരാജന് മേല്‍ ചുമത്തിയത്.

ജയരാജന്റെ അഭിഭാഷകന്റെ പ്രതികരണം:

കണ്ണൂര്‍ ജില്ലയിലെ അധിശക്തനായ രാഷ്ട്രീയ നേതാവായ ജയരാജന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം.

118ാം വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ ജയരാജനെതിരെ തെളിവില്ലെന്നാണ് ഞങ്ങള്‍ പ്രധാനമായി ഉയര്‍ത്തിയ വാദം. ഈ കേസ് ഗൂഢാലോചനയാണെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനം.

ആറാം പ്രതി പുറത്ത്, 38ാം പ്രതി അറസ്റ്റില്‍: പി.കെ ബഷീറിനും പി. ജയരാജനും ഇരട്ടനീതി