കൊഹിമ: കോടിക്കണക്കിന് രൂപയും ആയുധവും മദ്യവുമായി സ്വന്തം കാറില്‍ യാത്രചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ നാഗാലാന്‍ഡ് മുന്‍ ആഭ്യന്തരമന്ത്രി ഇംകോങ് എല്‍. ഇംചെന്നിന് വോഖ കോടതി ഇടക്കാലജാമ്യം അനുവദിച്ചു.

Ads By Google

അരോഗ്യപരമായ കാരണങ്ങളാലാണ് മാര്‍ച്ച് 15 വരെ ജാമ്യം അനുവദിച്ചിട്ടുള്ളത്. നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോറിദങ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ഇംചെന്‍.

എന്നാല്‍ പെരുമാറ്റച്ചട്ടംലംഘിച്ചെന്ന ആരോപണത്തില്‍ അദ്ദേഹത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി.

വ്യാഴാഴ്ച അദ്ദേഹം വീണ്ടും മണ്ഡലത്തിലെത്തി. ഫിബ്രവരി 18നാണ് ഇംചെനും മറ്റ് നാലുപേരും അറസ്റ്റിലായത്.

അതിനിടെ നാഗാലാന്‍ഡിലെ അനധികൃത പണമൊഴുക്ക് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഫിനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റിനോടും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അനധികൃതമായി സര്‍വീസ് നടത്തുന്ന ഹെലികോപ്റ്ററില്‍ പണം കടത്തുന്നതിനാല്‍ തന്നെ സിവില്‍ ഏവിയേഷനോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്തരം സര്‍വീസുകള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്തെ ബാങ്കുകളില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ 300 കോടി രൂപ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ടുകളും കമ്മീഷന്‍ ഗൗരവമായി കാണുന്നുണ്ട്.