കൊച്ചി:വിദ്യാര്‍ത്ഥി സമരങ്ങളിലും മറ്റു സമരങ്ങളിലും പൊതുമുതലിനുണ്ടാകുന്ന നഷ്ടത്തിന് തുല്യമോ അതിനെക്കാള്‍ കൂടുതലോ തുക ജാമ്യ ബോണ്ടിനൊപ്പം കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസില്‍ ജാമ്യം നല്‍കുമ്പോഴാണ് ഇത്തരത്തില്‍ തുക കെട്ടി വെക്കേണ്ടത്.

2011 ആഗസ്തില്‍ കോഴിക്കോട് ചാത്തമംഗലം ഗവ. വി.എച്ച്.എസ്.എസില്‍ കയറി ഫര്‍ണിച്ചറും കംപ്യൂട്ടറും നശിപ്പിച്ച കേസിലെ പ്രതികളായ പിലാശ്ശേരി സ്വദേശി ഹേമന്ത് കുമാറും കുന്ദമംഗലം സ്വദേശികളായ ഷിജു, നിധിന്‍ രാജ്, യദുരാജ്, നിര്‍ഷാദ് എന്നിവര്‍ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Subscribe Us:

കേസിന് ആധാരമായ സമരത്തില്‍ പൊതുമുതല്‍ നാശിപ്പിക്കപ്പെട്ടതിന് ഹര്‍ജിക്കാരാണ് ഉത്തരവാദികളെന്ന് പിന്നീട് വിചാരണക്കോടതി കണ്ടെത്തിയാല്‍ കെട്ടിവെക്കുന്ന തുകയില്‍നിന്ന് സര്‍ക്കാരിന്റെ നഷ്ടം ഈടാക്കാനാവും. ഹര്‍ജിക്കാര്‍ ഉത്തരവാദികളല്ലെന്ന് വിചാരണക്കോടതി വിധിച്ചാല്‍ തുക തിരിച്ചു നല്‍കാമെന്നും ജസ്റ്റിസ് കെ.ടി. ശങ്കരന്‍ വ്യക്തമാക്കി.

സമരത്തിന്റെ കാരണം എന്തുമാകട്ടെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് ന്യായം കണ്ടെത്താനാവില്ല. പൊതുമുതല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.