കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കും ഇതേ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജയരാജന് ജാമ്യം അനുവദിച്ചത്.

Ads By Google

സംഭവം നടന്ന സ്ഥലത്ത് ജയരാജന്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നാരോപിച്ചാണ് സര്‍ക്കാര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതായി വിവരം ലഭിച്ചാല്‍ സര്‍ക്കാരിന് ആ സമയത്ത് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അടുത്ത മൂന്ന് ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ഇന്ന് തന്നെ ജയരാജന് പുറത്തിറങ്ങാനുള്ള സൗകര്യമൊരുക്കി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജയരാജന്റെ അറസ്റ്റിനുശേഷം കണ്ണൂരില്‍ അക്രമസംഭവങ്ങളുണ്ടായ കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അക്രമമുണ്ടായതിന്റെ പേരില്‍ ജയരാജന് എപ്പോഴും ജാമ്യം നിഷേധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ബാബു മാത്യു പി. ജോസഫ് ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പി. ജയരാജന്‍. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കെയാണ് ജയരാജന് കോടതി ജാമ്യം അനുവദിച്ചത്.

ആഗസ്റ്റ് ഒന്നിനാണ് ജയരാജന്‍ അറസ്റ്റിലായത്. നേരത്തെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരുകോടതികളും അപേക്ഷ തള്ളുകയാണുണ്ടായത്. പൊതുപ്രവര്‍ത്തകനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.

ഷുക്കൂറിനെ വധിക്കാനായുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നിട്ടും വിവരം പുറത്തുപറഞ്ഞില്ലെന്നതാണ് ജയരാജനെതിരെയുള്ള കുറ്റം. ഐ.പി.സി 118ാം വകുപ്പ് പ്രകാരമുള്ള കേസാണ് അദ്ദേഹത്തിനെതിരെയുള്ളത്. കേസില്‍ 36ാം പ്രതിയാണ് ജയരാജന്‍.

ജയരാജനെതിരെയുള്ള അതേ വകുപ്പ് കുറ്റം തന്നെ ചുമത്തപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ടി.വി രാജേഷ് എം.എല്‍.എയ്ക്ക് ഹൈക്കോടതി കഴിഞ്ഞദിവസം ജാമ്യം നല്‍കിയിരുന്നു.

.