കമന്റ്‌സ് / ജിന്‍സി ബാലകൃഷ്ണന്‍

ഏതോ ഒരു നിമിഷത്തില്‍ ടുണീഷ്യയിലെ ഏതോ വ്യക്തിയുടെ മനസിലുണ്ടായ ആശയമാണ് വന്‍ മാറ്റങ്ങള്‍ക്ക് അടിത്തറയായത്. ടുണിഷ്യയില്‍ മാത്രമല്ല ടുണീഷ്യയ്ക്കു പുറത്തുള്ള ടുണീഷ്യകളിലും. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഈജിപ്ത്.

മുപ്പതുവര്‍ഷത്തെ മുബാറക്ക് ഭരണം മരവിപ്പിച്ച ഈജിപ്ഷ്യന്‍ ജനത താഹിര്‍ സ്‌ക്വയറില്‍ ഒത്തുകൂടിയത് ഓരോരുത്തര്‍ക്കും വേണ്ടിയായിരുന്നു. അവരുടെ ഐക്യം അവരെ വിജയിപ്പിച്ചു. മുബാറക്ക് പടിയിറങ്ങി. വെടിയൊച്ചയും ചോരയും നിലവിളികളും മുദ്രാവാക്യങ്ങളും മുഴങ്ങിക്കൊണ്ടിരുന്ന താഹിര്‍ സ്‌ക്വയര്‍ പെട്ടെന്നു മാറി. എങ്ങും സന്തോഷത്തിന്റെയും ആഘോഷങ്ങളുടേയും പ്രകാശം മാത്രം.

താഹിര്‍ സ്‌ക്വയറിലെ ആ ബഹളം ചെന്നെത്തിയത് ബഹ്‌റൈനിലെ പേള്‍സ് സ്‌ക്വയറിലേക്കാണ്. പേള്‍ പോലെ മനോഹരമായ പേള്‍ സ്‌ക്വയറില്‍ അലകളുണ്ടായത് ബഹ്‌റൈന്‍ ഭരണകൂടത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

അല്‍ ഖലീഫ എന്ന രാജകുടുംബം സ്വകാര്യ സ്വത്തുപോലെ കൊണ്ടു നടക്കുന്ന ഒരു കൊച്ചു ദ്വീപാണ് ബഹ്‌റൈന്‍. മുസ്‌ലീം രാജ്യമായ ഇവിടെ ഷിയ, സുന്നി വിഭാങ്ങളാണ് പ്രധാനമായും ഉള്ളത്. ഭരണം സുന്നി രാജവംശത്തിന്റെ സ്വകാര്യ സ്വത്തും. ബൈകാമറല്‍ ഭരണരീതി പിന്‍തുടരുന്ന രാജാവിന്റെ കീഴില്‍ അപ്പര്‍ ഹൗസും പ്രധാനമന്ത്രിയുടെ കീഴില്‍ ലോവര്‍ ഹൗസും നിലനില്‍ക്കുന്നു. അപ്പര്‍ ഹൗസിന്റെ 80% രാജകുടുംബാംഗങ്ങള്‍ കൈവശം വച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ രീതിയ്‌ക്കെതിരെയാണ് ഭൂരിപക്ഷമായ ഷിയാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗവര്‍ണമെന്റിന്റെ മേല്‍ കാലാകാലങ്ങളായി സുന്നി രാജവംശത്തിനുള്ള നിയന്ത്രണം ഒഴിവാക്കണം. കൂടാതെ രാജ്യത്തെ സംബന്ധിക്കുന്ന പ്രധാന തീരുമാനങ്ങളില്‍ നിന്നും രാജകുടുംബം വിട്ടുനില്‍ക്കണം. രാജ്യത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ഷിയാക്കള്‍ വര്‍ഷങ്ങളായി നേരിടുന്ന വിവേചനം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഈ മൈതാനത്തില്‍ നിന്നും പുറത്തുപോകില്ലെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പേള്‍ സ്‌ക്വയറില്‍ തങ്ങിയിരുന്നു. എന്നാല്‍ ശക്തമായ സന്നാഹത്തോടെ വന്ന സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഇവിടെ തമ്പടിച്ച ജനതയ്ക്കായില്ല. കണ്ണീര്‍ വാതകവും ആയുധങ്ങളുമൊക്കെക്കൊണ്ട് പോലീസ് പേള്‍ സ്‌ക്വയര്‍ ശൂന്യമാക്കി.

4 പേര്‍ മരണപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. അമ്മയുടെ അടുത്ത് കിടന്നുറങ്ങുകയായിരുന്ന പല കുഞ്ഞുങ്ങളും ഉണര്‍ന്നപ്പോള്‍ അമ്മയെ കണ്ടില്ല. തിക്കിലും തിരിക്കിലും രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ പലകുട്ടികളും ഒറ്റപ്പെട്ടുപോയി.

പേള്‍ സ്‌ക്വയറില്‍ ഇപ്പോള്‍ ആരുമില്ല. ഒരു പക്ഷേ കൊടുങ്കാറ്റിനു മുമ്പുള്ള ശൂന്യതയാവാം ഇത്. ഭയന്നോടിപ്പോയവര്‍ ആരുടേയും നിര്‍ബന്ധത്താല്‍ വന്നവരല്ല. അവര്‍ വന്നത് അവര്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടുതന്നെ അവര്‍ തിരിച്ചവരും.