മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു. പ്രതിഷേധസമരത്തെ ശക്തമായി അടിച്ചമര്‍ത്തിയശേഷം ഇതാദ്യമായാണ് സര്‍ക്കാരിനും വിമതര്‍ക്കുമിടയില്‍ ചര്‍ച്ച നടക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ഡിറാസില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കവെ അല്‍ വഫാഖിന്റെ നേതാവ് ഷെയ്ഖ് അലി സല്‍മാന്‍ ഇന്ന് ചര്‍ച്ച നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ‘നമ്മളെ ആരും ശ്രദ്ധിക്കുന്നില്ല, നമ്മള്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. നാം ചര്‍ച്ചയ്ക്ക് തയ്യാറാവണം. എന്നാല്‍ നാം പ്രതീക്ഷിച്ച ഫലം ചര്‍ച്ചയില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍ നമുക്കത് ഉപേക്ഷിക്കാം’ സല്‍മാന്‍ ജനങ്ങളോട് പറഞ്ഞു.

തിരക്കേറിയ പ്രദേശത്താണ് റാലി സംഘടിപ്പിച്ചിരുന്നത്. റാലി സര്‍ക്കാര്‍ സംഘം ഹെലികോപ്റ്ററില്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് പുറമേ പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ദേശീയ ചര്‍ച്ച എന്നറിയപ്പെട്ട അനുരഞ്ജന പരിപാടിയുമായി സഹകരിക്കാനുള്ള ഷിയ ബ്ലോക്കിന്റെ തീരുമാനം ഈ പരിപാടിക്ക് വിശ്വാസ്യത നല്‍കാന്‍ സഹായകരമായിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് വിമതസംഘത്തിന് വിശ്വാസ്യത നഷ്ടപ്പെടും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.