മനാമ: സ്വാതന്ത്ര്യപ്രഖ്യാപനം വിളിച്ചോതുന്ന കവിത ചൊല്ലിയതിനെ തുടര്‍ന്ന് ബഹ്‌റിനില്‍ വിദ്യാര്‍ത്ഥിനി അറസ്റ്റിലായി. രണ്ടുമാസം മുമ്പാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴാണ് പുറംലോകം ഇതറിയുന്നത്. ജനാധിപത്യത്തിനുവേണ്ടിയുള്ള ഒരു റാലിയിലാണ് പെണ്‍കുട്ടി കവിത ചൊല്ലിയത്.

അയത്ത് അല്‍ ഗൊര്‍മേസി (20) എന്ന വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യത്തെ പട്ടാള നിയമം പിന്‍വലിച്ചെങ്കിലും സമരപ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ സുരക്ഷാസൈന്യം ലക്ഷ്യമിടുന്നു എന്ന ആക്ഷേപത്തിന് ഇത് പിന്‍ബലമേകുന്നു.

സഹോദരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയത്തിനെ അറസ്റ്റിന് വിധേയയാക്കിയത്. അറസ്റ്റ് ചെയ്തശേഷം പെണ്‍കുട്ടിയെ ഇതുവരെയും ആരും കണ്ടിട്ടില്ല.

ഒരിക്കല്‍ ഫോണിലൂടെ സംസാരിക്കാന്‍ അയത്തിന്റെ അമ്മയെ അനുവദിച്ചിരുന്നു. കുറ്റസമ്മതത്തിന് സൈന്യം തന്നെ നിര്‍ബന്ധിക്കുന്നതായാണ് അയത്ത് അപ്പോള്‍ അമ്മയോട് പറഞ്ഞത്.