ലണ്ടന്‍: 2012 ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകള്‍ (ബാഫ്റ്റ) പ്രഖ്യാപിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ഫ്രഞ്ച് നിശ്ശബ്ദ ചിത്രം ‘ദി ആര്‍ട്ടിസ്റ്റ്’ മികച്ച ചിത്രത്തിനുള്‍പ്പടെ ഏഴ് പുരസ്‌കാരങ്ങള്‍ നേടി. ദി ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത മിഷേല്‍ ഹസനാവിക്കസ് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

ദി ആര്‍ട്ടിസ്റ്റിലെ നായകന്‍ ഴാങ് ദുജാര്‍ദിന്‍ മികച്ച നടനായും ദി അയേണ്‍ ലേഡി എന്ന ചിത്രത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെ അവതരിപ്പിച്ച മെറില്‍ സട്രിപ്പ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സ്ട്രിപ്പിന് ബാഫ്റ്റാ പുരസ്‌കാരം ലഭിക്കുന്നത്.

Subscribe Us:

‘ദി ഹെല്‍പ്പ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഒക്ടേവിയ സ്‌പെന്‍സര്‍ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബിഗ്‌നിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റഫര്‍ പ്ലമര്‍ സഹനടനുള്ള ബാഫ്റ്റ നേടി. അവാര്‍ഡ് ദാനച്ചടങ്ങില്‍ ബോളിവുഡില്‍ നിന്നും നടന്‍ അനില്‍കപൂര്‍ പങ്കെടുത്തു.

ബ്രിട്ടീഷ് ഓസ്‌കര്‍ എന്നു വിശേഷിപ്പിക്കുന്ന ബാഫ്റ്റയും നേടി ‘ദി ആര്‍ട്ടിസ്റ്റ്’ ഓസ്‌കറിലേക്കുള്ള ജൈത്രയാത്ര തുടരുകയാണ്. പത്ത് ഓസ്‌കര്‍ നാമനിര്‍ദേശങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ചിത്രം നേരത്തെ സ്വന്തമാക്കിയിരുന്നു.

Malayalam News

Kerala News In English