ഹൈദരാബാദ്:യുവതാരം അല്ലു അര്‍ജുന്റെ പുതിയ ചിത്രം ബദ്‌രിനാഥ് ജൂണ്‍ 10 ന് പ്രദര്‍ശനത്തിനെത്തുന്നു. തെന്നിന്ത്യ മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം വി.വി വിനായക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

2005 ല്‍ ചാന്ത് സാ റോഷന്‍ ചെഹരാ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച തമന്നയാണ് അല്ലുവിന്റെ നായികയായെത്തുന്നത്. വില്ലനായും ഹാസ്യതാരമായും സ്വഭാവനടനായും നായകനായും സംവിധായകനായും തന്റെ കഴിവു തെളിയിച്ച പ്രകാശ് രാജും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യംചെയ്യുന്നുണ്ട്.

ഗീതാ ആര്‍ട്‌സ് ബാനറില്‍ അല്ലു അരവിന്ദാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

ജൂണ്‍ 3 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ 10 ലേക്കു മാറ്റിവെയ്ക്കുകയാണെന്ന് നിര്‍മാതാവ് അറിയിച്ചു.

സാധാരണ സിനിമകളില്‍നിന്നും വ്യത്യസ്തമായി 22 സെറ്റുകളിലായാണ് ബദ്‌രിനാഥ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ ചരിത്രപ്രാധാന്യമാണിതിനുകാരണമെന്നും ഇതുവഴി സിനിമാചരിത്രത്തില്‍ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

പീറ്റര്‍ ഹെയ്ന്‍സാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍. തോറസ് വേള്‍ഡ് സ്റ്റണ്ട് അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ചിട്ടുള്ള പീറ്റര്‍ മഗ്ധീര, ശിവാജി, ഛത്രപതി തുടങ്ങി അനേകം സൂപ്പര്‍ഹിറ്റു ചിത്രങ്ങളുടെ സ്റ്റണ്ടുമാസ്റ്ററാണ്.

ചിത്രത്തിനായി അല്ലു പ്രത്യേക തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. വിയറ്റ്‌നാമില്‍പോയാണ് അല്ലു ആയോധനമുറകള്‍ പഠിച്ചത്. അല്ലുവിന്റെ സിക്‌സ് പാക്ക് ശരീരം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്.