എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്ത് വിതരണം ചെയ്യുന്ന പാലില്‍ സോപ്പുപൊടിയും ഗ്ലൂക്കോസും
എഡിറ്റര്‍
Monday 22nd October 2012 12:30am

ന്യൂദല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന പാലില്‍ 68 ശതമാനവും നിലവാരം പുലര്‍ത്തുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിതരണം ചെയ്യുന്ന പാലില്‍ നല്ലൊരു ശതമാനത്തിലും മായം കലര്‍ന്നതായും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓഫ് ഇന്ത്യ അറിയിച്ചു.

Ads By Google

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ)യാണ് ഇത് സംബന്ധിച്ച സര്‍വേ നടത്തിയത്. പാലിന്റെ അളവ് കൂട്ടാനായി വെള്ളം കൂടുതലായി ഉപയോഗിക്കുന്നുണ്ട്.

ഇതിനു പുറമെ ഗ്ലൂക്കോസും പാട നീക്കിയ പാല്‍പൊടിയും പാലില്‍ ചേര്‍ക്കുന്നതായി വ്യക്തമായിട്ടുണ്ട്. ചില സാമ്പിളുകളില്‍ സോപ്പുപൊടിയുടെ സാന്നിധ്യം വരെ കണ്ടെത്തിയിട്ടുണ്ടൈന്നും ഫുഡ് സേഫ്റ്റി വകുപ്പ് അറിയിച്ചു.

പാലിലെ മായം സംബന്ധിച്ച് ഉത്തരാഖണ്ഡിലെ സ്വാമി അച്യുതാനന്ദ് തീര്‍ഥ് പ്രതിനിധികള്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

ഡിറ്റര്‍ജന്റ്, റിഫൈന്‍ഡ് ഓയില്‍, കാസ്റ്റിക് സോഡ, വെള്ള പെയിന്റ് എന്നിവ പാലില്‍ കലര്‍ത്തുന്നതായി തീര്‍ഥ് കോടതിയെ അറിയിച്ചു. മാലിന്യം കലര്‍ന്ന പാല്‍ കാന്‍സറിനുവരെ വഴിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മായം കലര്‍ന്ന പാല്‍ സംബന്ധിച്ച് ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisement