ന്യൂദല്‍ഹി: ഉന്നത കോടതികളില്‍ വനിതാ-പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കുറഞ്ഞിരിക്കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതില്‍ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ, നീതി ആയോഗ് എന്നിവയുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കാലങ്ങളായി ഉന്നതകോടതികളില്‍ കുറഞ്ഞിരിക്കുന്നത് അസ്വീകാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.


Also Read: നീലകുറിഞ്ഞി ഉദ്യാനം; ജനങ്ങളെ സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി


കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിതയായിരിക്കുന്നതെന്നും ഇത് ക്രമേണ ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി 17,000 ജഡ്ജിമാരാണുള്ളത്. ഇതില്‍ നാലിലൊന്ന് അതായത് 4700 പേര്‍ മാത്രമാണ് വനിതകളായിട്ടുള്ളതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ജില്ലാ, സെഷന്‍സ് കോടതികളിലെ ന്യായാധിപന്‍മാരുടെ കഴിവുകള്‍ വര്‍ധിപ്പിച്ച് അവരെ ഹൈക്കോടതികളിലെത്തിക്കേണ്ടത് ഉന്നത കോടതികളുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജുഡീഷ്യറിയുടെ നിലവാരത്തില്‍ വിട്ടുവീഴ്ചയുണ്ടാവാന്‍ പാടില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.