പി എസ് റംഷാദ്
സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്തും എപ്പോഴും വിളിച്ചുപറയുന്ന ആളൊന്നുമല്ല. പക്ഷേ, അമിതാഭ് ബച്ചനെ കേരള ടൂറിസത്തിന്റെ അംബാസിഡറാക്കാന്‍ ക്ഷണിച്ച കോടിയേരി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെയായി. മാധ്യമങ്ങള്‍ രണ്ടു ദിവസം കൊണ്ടു വിഷയം വിട്ടത് അതില്‍ താല്‍പര്യമില്ലാഞ്ഞിട്ടല്ല. ഒരു ചാനല്‍ കൊണ്ടുവന്ന വിവാദം കൊണ്ടു നടക്കാന്‍ മറ്റു ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വലിയ ഉല്‍സാഹമില്ലാത്തതുകൊണ്ടു മാത്രമാണ്. മനോരമ ചാനലും പത്രവും കുറച്ചുനാളുകള്‍ കൂടി ഇതു കൊണ്ടുനടന്നു കൂടായ്കയില്ല. അതെന്തുതന്നെയായാലും പാര്‍ട്ടിയില്‍ അത്ര പെട്ടെന്ന് അടങ്ങാനിടയുള്ള പൊടിപടലമല്ല ഇത്. അതിനപ്പുറം പ്രസക്തമാണു പ്രശ്‌നം.

കേരള ടൂറിസത്തിന്റെ അംബാസിഡറാകാന്‍ ക്ഷണം ലഭിച്ചാല്‍ തയ്യാറാകുമെന്നു ബച്ചന്‍ മനോരമ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞതു കേട്ടപാടേ കോടിയേരി ക്ഷണിക്കുകയും അതു ബച്ചന്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടങ്ങു തീരുമെന്ന് കോടിയേരി കരുതിപ്പോയതിലാണ് പിഴവു പറ്റിയത്. ബച്ചന്‍ മഹാനടനാണ്. ഏതു സംസ്ഥാന സര്‍ക്കാരും അദ്ദേഹത്തെപ്പോലെ രാജ്യം ആദരിക്കുന്ന ഒരാള്‍ പ്രത്യക്ഷപ്പെട്ടു തങ്ങള്‍ക്കുവേണ്ടി ക്യാംപെയിന്‍ ചെയ്യുന്നതു സന്തോഷത്തോടെ സ്വീകരിക്കുമെന്നതില്‍ കോടിയേരിക്കു സംശയമുണ്ടായില്ല. കിട്ടിയ അവസരം പാഴാക്കേണ്ടെന്ന് അദ്ദേഹത്തിന് ഉപദേശവും ലഭിച്ചിട്ടുണ്ടാകും, ഏതെങ്കിലും കേന്ദ്രത്തില്‍ നിന്ന്.

എന്നാല്‍ ബച്ചന്‍ കേരളത്തിനു മുമ്പേതന്നെ മറ്റൊരു സംസ്ഥാനത്തിന്റെ ടൂറിസം അംബാസിഡറാകാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിന്റെ മഹിമകളെക്കുക്കുറിച്ചാണ് ബച്ചന്‍ ഇപ്പോള്‍ ലോകത്തോടു വാചാലനായിക്കൊണ്ടിരിക്കുന്നത്. അതു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റുമെന്ന പ്രതീക്ഷ സീതാറാം യച്ചൂരി മാധ്യമങ്ങളോടു പങ്കുവെച്ചത്. കോടിയേരിയെക്കാള്‍ മുമ്പേ പീ ബിയില്‍ എത്തിയ ആളാണ് യച്ചൂരി. പാര്‍ട്ടിയില്‍ പരക്കെ സ്വീകരിക്കപ്പെടുന്ന ശബ്ദവുമാണ്. സാധാരണഗതിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കഴിവതും മനസിലാകാത്ത വിധം മറുപടി നല്‍കുന്ന എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പോലും കൃത്യവും വ്യക്തവുമായി മറുപടി നല്‍കിയത് യച്ചൂരിയുടെ ആ സ്വാധീനവും ഔന്നത്യവും നന്നായി അറിയാവുന്നതുകൊണ്ടാണ്. സീതാറാം അങ്ങനെ പറഞ്ഞെങ്കില്‍ അതെക്കുറിച്ചു വേറെ ആലോചിക്കേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു വിശ്വന്റെ പ്രതികരണം.

ഏതായാലും നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന അതേ സെലിബ്രിറ്റി, എത്ര വലിയ ആളായാലും ഇടതുമുന്നണി ഭരിക്കുന്ന കേരള സര്‍ക്കാരിനെക്കൂടി പ്രകീര്‍ത്തിക്കാന്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെടേണ്ട ആളല്ല എന്ന സി പി ഐ എം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സുപ്രധാനമാണ്. പൊതുവായ തീരുമാനമില്ലാതെ യച്ചൂരി പരസ്യ അഭിപ്രായ പ്രകടനം നടത്തില്ലെന്നുറപ്പ്.

എന്താണ് മോഡിയും അദ്ദേഹത്തിന്റെ സര്‍ക്കാരും സി പി ഐ എമ്മിന് അനഭിമതരാകാന്‍ കാരണം? മോഡിയെ തൊടുന്നവരും പ്രകീര്‍ത്തിക്കുന്നവരും അകറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്ന കടുത്ത നിലപാട് അവര്‍ സ്വീകരിക്കുന്നതിന്റെ ആന്തരികാര്‍ത്ഥമെന്താണ്?

മതേതര ഇന്ത്യയെ ഉറപ്പോടെയും കരുത്തോടെയും നിലനിര്‍ത്തുന്ന ചെറുതെങ്കിലും വലിയ ഒരു സാന്നിധ്യമായി സി പി ഐ എമ്മും ഇടതുപക്ഷവും സ്വയം വെളിപ്പെടുത്തുന്നത് ഇത്തരം നിലപാടുകളിലൂടെയാണ്. മോഡിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടിക്ക് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സി പി ഐ എമ്മിനെ ഒരങ്കം കൂടി ജയിപ്പിക്കാനുള്ള സാധ്യതകൂടി പരിഗണിക്കാതെ, അദ്ദേഹത്തെ തൂക്കി പുറത്തുകളഞ്ഞതും ഇതേ നിലപാടിന്റെ ഭാഗമാണെന്നു കാണാം. അബ്ദുല്ലക്കുട്ടിയുടെ കാര്യത്തില്‍ മറ്റുപല കാരണങ്ങളുമുണ്ടാകാം. പക്ഷേ, ഈ പ്രധാന കാരണത്തെ കണ്ടില്ലെന്നു നടിക്കാനാകില്ല. പ്രത്യേകിച്ച്, മോഡിയെയല്ല ഏതു സാത്താനെ പ്രകീര്‍ത്തിക്കുന്നതും പ്രശ്‌നമല്ലാത്ത കോണ്‍ഗ്രസ് അബ്ദുല്ലക്കുട്ടിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച സാഹചര്യത്തില്‍ .

മോഡിയും ഗുജറാത്തും മതേതര ഇന്ത്യയിലെ സമീപകാല വംശഹത്യാ രാശ്ട്രീയത്തിന്റെ പ്രതീകങ്ങളാണല്ലോ. 2002ലെ ഗുജറാത്ത് കൂട്ടക്കൊലകള്‍ക്കു പിന്നില്‍
അന്നും മുഖ്യമന്ത്രിയായിരുന്ന മോഡിക്കുള്ള പങ്ക് വിവിധ കമ്മീഷനുകളും അന്വേഷണ ഏജന്‍സികളും ഒളിഞ്ഞും തെളിഞ്ഞും ചൂണ്ടിക്കാണിച്ചതാണ്. പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുകയുമാണ്.

ആ മോഡിയുടെ ഭരണത്തില്‍ ഗുജറാത്തിന് ഉണ്ടായി എന്നു പറയുപറയുന്ന വികസനം സ്വന്തം പ്രജകളില്‍ ഒരു വിഭാഗത്തെ മതത്തിന്റെ പേരില്‍ ഉന്‍മൂലനം ചെയ്തുകൊണ്ടു കരുപ്പിടിപ്പിക്കുന്ന വികസനമാണ്. ഭരണാധികാരി വര്‍ഗീയ ഫാസിസത്തിനു കൂട്ടു നില്‍ക്കുമ്പോള്‍ പ്രജകള്‍ക്ക് പിന്നെ എവിടെയുമില്ല രക്ഷയെന്നാണ് ഗുജറാത്തും മോഡിയും ചൂണ്ടിക്കാണിച്ചുതന്നത്.

അതുകൊണ്ടുതന്നെ നിര്‍ദോഷമായി കണ്ണടച്ച് , എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ എന്ന് ആശ്വസിക്കാന്‍ കഴിയില്ല, സി പി ഐ എമ്മിന്. അതില്‍ പ്രതീക്ഷയുടെ വെളിച്ചമുണ്ട്. ആ വെളിച്ചം തന്നെയാണ് ബച്ചന്റെ കാര്യത്തിലും തെളിഞ്ഞു മിന്നുന്നത്. സി പി ഐ എമ്മിനെ പല കുഴപ്പങ്ങള്‍ക്കും വീഴ്ചകള്‍ക്കും അപചയങ്ങള്‍ക്കും ശേഷവും മതേതര മനസുകള്‍ക്ക് സ്വീകാര്യമാക്കുന്നതും മറ്റൊന്നുമല്ല. കോടിയേരിക്കും സംസ്ഥാന സര്‍ക്കാരിനും പറ്റിപ്പോയ അബദ്ധത്തെ തിരുത്തിയതിലൂടെ സി പി ഐ എം കേന്ദ്ര നേതൃത്വം ആ സ്വീകാര്യതക്ക് ഒരിക്കല്‍ കൂടി അടിവരയിട്ടിരിക്കുന്നു. അതിലാണു കാര്യം.