എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ പ്രാകൃത സംസ്‌കാരത്തിലേക്ക് തിരിച്ചുപോവുകയാണോ, ആരും പെണ്ണായിപ്പിറക്കേണ്ട, നിങ്ങള്‍ കൊല്ലപ്പെട്ടേക്കാം…
എഡിറ്റര്‍
Tuesday 10th April 2012 3:24pm

ബാംഗ്ലൂര്‍/ഭോപ്പാല്‍: പിറന്നുവീഴുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ കൊലപ്പെടുത്തിക്കളയുന്ന പ്രാകൃത സംസ്‌കാരം ഇന്ത്യയില്‍ വീണ്ടും തിരിച്ചുവരികയാണോ?. ആണെന്ന് സംശയിക്കേണ്ട രീതിയിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്രൂരമായി മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഫലക് എന്ന പെണ്‍കുട്ടി ജീവനോട് മല്ലടിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് നാമെല്ലാം കണ്ടതാണ്. ഇപ്പോഴിതാ പെണ്ണായിപ്പിറന്നതിന്റെ പേരില്‍ സ്വന്തം പിതാവില്‍ നിന്നും രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരിക്കുന്നു. ബാംഗ്ലൂരിലും ഭോപ്പാലിലുമാണ് രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോപ്പാലില്‍ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടു.

ബംഗളുരുവില്‍ മൂന്ന് മാസം പ്രായമുള്ള ബേബി അഫ്രീനാണ് കഴിഞ്ഞ ദിവസാണ് പിതാവിന്റെ ക്രൂരമര്‍ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആറ് ആഴ്ചയെങ്കിലും അതീവ പരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദേഹമാസകലം മുറിവുകളും അടികൊണ്ടതിന്റെ പാടുകളുമായി അഫ്രീന്‍ എന്ന പിഞ്ചുകുഞ്ഞിനെ വ്യാഴാഴ്ചയാണ് അത്യാസന്നനിലയില്‍ ബംഗളൂരു വാണി വില്ലാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്.

ആണ്‍കുട്ടിയെ ആഗ്രഹിച്ച കുഞ്ഞിന്റെ പിതാവ് ഉമ്മര്‍ ഫാറൂഖ് പെണ്‍കുഞ്ഞ് ജനിച്ചതുമുതല്‍ കുട്ടിയെയും അമ്മയെയും പീഡിപ്പിക്കുകയായിരുന്നത്രെ. കുഞ്ഞിനെ ചുവരിനടിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്തിരുന്നതായി അമ്മ രേഷ്മ പറഞ്ഞു. കുട്ടിയുടെ ദേഹത്ത് കടിച്ച പാടുകളുമുണ്ട്. കുട്ടിയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കവേ കഴുത്തിന്റെ സ്ഥാനം തെറ്റിയിട്ടുണ്ട്. തലയണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനാല്‍ കുട്ടിക്കിപ്പോള്‍ അപസ്മാരവും ഛര്‍ദിയുമുണ്ട്. പീഡനത്തില്‍ അഫ്രീന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭോപ്പാലിലും ഇതിന് സമാനമായ സംഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആണ്‍ കുഞ്ഞിനെ ആഗ്രഹിച്ച മധ്യപ്രദേശിലെ ഒരു പിതാവ് രണ്ട് ദിവസം മാത്രം പ്രായമുള്ള തന്റെ പെണ്‍ കുഞ്ഞിനെ നികോട്ടിന്‍ കൊടുത്ത് കൊന്നു. നരേന്ദ്ര റാണ എന്ന നാല്‍പതുകാരനാണ് ആറ് മാസം മുമ്പ് സ്വന്തം കുഞ്ഞിനെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മാസങ്ങള്‍ക്ക് ശേഷം ഗ്വളിയോറിലെ മുറ്റാലുള്ള വീട്ടില്‍ നിന്നും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം നടന്നത്. റാണയുടെ ഭാര്യ ഒക്ടോബര്‍ 17 ന് സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് മരണപ്പെട്ടത് നിക്കോട്ടിന്‍ ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു.

പെണ്‍കുഞ്ഞ് ജനിച്ചതില്‍ റാണക്ക് അസ്വസ്ഥതയുണ്ടായിരുന്നതായും കുഞ്ഞ് മരണപ്പെട്ട ദിവസം അയാള്‍ വാര്‍ഡില്‍ പ്രവേശിച്ചിരുന്നതായും ഭാര്യ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കുഞ്ഞിനെ വധിച്ചതായി റാണ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Malayalam News

Kerala News in English

Advertisement