സോള്‍ട്ട് ആന്റ് പെപ്പറിലെ പാചകക്കാരനിലൂടെ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച നടനാണ് ബാബുരാജ്. മലയാള സിനിമയില്‍ നിരവധി വില്ലന്‍ വേഷങ്ങള്‍ ചെയ്ത ബാബു രാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു സോള്‍ട്ട് ആന്റ് പെപ്പറിലേത്. ഇപ്പോഴിതാ പുതുമ നിറഞ്ഞ മറ്റൊരു കഥാപാത്രവുമായി ബാബുരാജ് വീണ്ടുമെത്തുന്നു.

നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുന്നത്. നിലാംബരിക്ക് ശേഷം ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥയും തിരക്കഥയും സംഭാഷണവും ബാബുരാജിന്റേതാണ്. ബാബുരാജിന്റെ തിരക്കഥയിലൊരുങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

കെമിസ്ട്രി പ്രഫസറായ വിശ്വംഭരനെയാണ് ബാബുരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്ര നടിയായിരുന്ന അര്‍ച്ചനയാണ് വിശ്വംഭരന്റെ ഭാര്യ. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ശരീര സൗന്ദര്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുവാണ് പ്രൊഫസര്‍, സൗന്ദര്യ പോഷക വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരനാണ്. പഠിപ്പിക്കുന്നതിനെക്കാള്‍ ശരീരസൗന്ദര്യത്തെക്കുറിച്ച് വര്‍ണിക്കാനാണ് വിശ്വംഭരന് താത്പര്യം.

കാലത്ത് എഴുന്നേറ്റ് യോഗ, വ്യായാമം, മെഡിറ്റേഷന്‍ ഒക്കെ ചെയ്യുമെങ്കിലും ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ ഒട്ടും ശ്രദ്ധയില്ല. ഭാര്യയുടെ പേരില്‍ അറിയപ്പെടുന്നത് ഒരു കുറച്ചിലായതിനാല്‍ അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഈ കാണിക്കുന്നതെല്ലാം. ഇതിനിടയിലാണ് പ്രൊഫസറുടെ വീടിന് സമീപം താമസിക്കാന്‍ ഡിവൈ.എസ്.പി ചാക്കോയും ഭാര്യ ടെസ്സയും എത്തുന്നത്.

വിശ്വംഭരനും ചാക്കോയും മുന്‍ പരിചയക്കാരാണ്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍, വിശ്വംഭരനും ചാക്കോയും തമ്മിലുള്ള സൗഹൃദത്തിന്റെ പിന്നിലുണ്ടായ സംഭവവികാസങ്ങള്‍ അറിയുന്നതോടെ പ്രൊഫസറുടെ ഭാര്യ അര്‍ച്ചന ചിലതീരുമാനങ്ങള്‍ എടുക്കുന്നു. ഇത് വിശ്വംഭരന്റെ ജീവിതത്തെ ബാധിക്കുന്നു. അര്‍ച്ചന വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതോടെ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തില്‍ ഹരിനാരായണന്‍ ദൃശ്യവത്കരിക്കുന്നത്.

അന്നാമല ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജോസ്, ശ്രീകാന്ത് പിള്ള എന്നിവര്‍ ചേര്‍ന്നാണ് നോട്ടി പ്രഫസര്‍ നിര്‍മിക്കുന്നത്. ചാക്കോയായി ടിനി ടോമും ഭാര്യ ടെസ്സയായി ലെനയും വേഷമിടുന്നു. ലക്ഷ്മി ഗോപാലസ്വാമിയാണ് അര്‍ച്ചന. ഇന്നസെന്റ്, ജനാര്‍ദനന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാജീവ് പിള്ള, കാതല്‍ സന്ധ്യ, മാളവിക, മാസ്റ്റര്‍ വിവാസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.  റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് സംഗീതം പകരുന്നു.

Malayalam news

Kerala news in English