Administrator
Administrator
ക്രൈസ്തവ സഭക്കെതിരെയുളള പാഠഭാഗങ്ങള്‍ നീക്കാന്‍ ശിപാര്‍ശ
Administrator
Saturday 22nd October 2011 12:11pm

തിരുവനന്തപുരം: പത്താം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ ക്രൈസ്തവ സഭക്കെതിരായ പാഠഭാഗങ്ങള്‍ നീക്കാന്‍ ഡി.ബാബു പോള്‍ കമ്മിറ്റിയുടെ ശിപാര്‍ശ. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ പാഠഭാഗം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പത്താംതരം സാമൂഹ്യ ശാസത്ര പാഠപുസ്തകത്തിലെ ‘ ആധുനിക കാലത്തിന്റെ ഉദയം’ എന്ന ഭാഗത്തെ പരാമര്‍ശങ്ങള്‍ സഭാ വിരുദ്ധമാണെന്ന് കത്തോലിക്ക സഭ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഡോ. ഡി. ബാബുപോള്‍, പ്രഫ. റെയ്മണ്‍ എന്നിവരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ നവോത്ഥാനവും അതിനെ തുടര്‍ന്നുണ്ടായ മാറ്റങ്ങളുമാണ് പാഠഭാഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ യൂറോപ്പിലെ പോപ്പിന്റെയും, ഫ്യൂഡല്‍ പ്രഭുക്കന്മാരുടെയുംം അഴിമതി, ദുര്‍ഭരണം തുടങ്ങിയ കാര്യങ്ങള്‍ പാഠത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി പോപ്പ് പാപപരിഹാര വില്‍പ്പന എന്ന പേരില്‍ അറിയപ്പെട്ട ആത്മീയ കച്ചവടത്തെക്കുറിച്ചും പാഠഭാഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ കെ.സി.ബി.സി ശക്തമായി രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ വിഷയം പഠിക്കാനായി ബാബുപോളിനെ നിയോഗിച്ചത്.

യൂറോപ്പിലെ കത്തോലിക്കാസഭയെക്കുറിച്ച് പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സ്‌കൂള്‍ കോളേജ് ക്ലാസുകളില്‍ പഠിപ്പിച്ചു വരുന്നവയാണെന്നും ഇത് ചരിത്ര സത്യമാണെന്നും കെ.എന്‍ പണിക്കരെപ്പോലുള്ള ചരിത്രകാരന്‍മാര്‍ പറയുന്നു.

Advertisement