വെള്ളിക്കൊലുസ്/ബാബുഭരദ്വാജ്
ചെങ്കിസ്ഖാന്റെ ജനിതക പൈതൃകം പേറുന്ന 20,000 ആളുകളെങ്കിലും ലോകത്തിലുണ്ടെന്നാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജുവൈനി എന്ന പേര്‍ഷ്യന്‍ ചരിത്രകാരന്‍ എഴുതിയത്. ഇതില്‍ കൂടുതല്‍ ആളുകളുണ്ടാകും. അതു പറഞ്ഞാല്‍ വെറുതെ പറയലാണെന്ന് ആള്‍ക്കാര്‍ ശങ്കിച്ചേക്കും. ഇത്ര കുറച്ച് കാലത്തിനുള്ളില്‍ ഒരാള്‍ക്കെങ്ങിനെ ഇത്രയും കുട്ടികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ആള്‍ക്കാര്‍ ചോദിച്ചേക്കാമെന്ന് ജുവൈനി ആവര്‍ത്തിക്കുന്നു.

എന്നാല്‍ ആധുനിക ജനിതക ശാസ്ത്രത്തില്‍ പറയുന്നത് ജുവൈനി ഒന്നും കൂട്ടിപ്പറഞ്ഞിട്ടില്ലെന്നും കുറച്ചേ പറഞ്ഞിട്ടുള്ളൂവെന്നുമാണ്. 12 ഏഷ്യന്‍ പുരുഷന്‍മാരില്‍ ഒരാള്‍ക്ക്, അതായത് ലോകത്തിലെ 200 പുരുഷന്‍മാരില്‍ ഒരാള്‍ക്ക് ചെങ്കിസ്ഖാന്റെ മംഗോളിയയില്‍ രൂപപ്പെട്ട ‘വൈ’ ക്രോമസോം വഹിക്കുന്നണ്ടെന്നാണ്. അങ്ങിനെയാവുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ‘ തന്തപ്പെരിയോര്‍ ‘ ചെങ്കിസ്ഖാനാണ്. ചെങ്കിസ്ഖാന്റെ പടയാളികള്‍ ഏഷ്യയിലുടനീളം പടയോട്ടം നടത്തിയപ്പോള്‍ സ്ത്രീകളെ ബലാല്‍ക്കാരം ചെയത് ഈ ക്രോമസോം ഏഷ്യ മുഴുവനും പരത്തി. ഏഷ്യന്‍ ജനതയുടെ ഡി എന്‍ എ മാറ്റി അവര്‍ മംഗോളിയന്‍ ഡി എന്‍ എ നല്‍കി. മാത്രമല്ല, ശാസ്ത്രജ്ഞര്‍ ഒരു കാര്യം കൂടി പറയുന്നു. ഈ വര്‍ത്തമാന കാലത്ത് വരെ ഏഷ്യന്‍ പുരുഷന്‍മാരുടെ ‘വൈ’ ക്രോമസോം ചെങ്കിസ്ഖാനില്‍ നിന്നെത്തിയതാണ്. ലക്ഷണക്കിന് പടയാളിള്‍ ചെയ്ത കുറ്റം ചെങ്കിസ്ഖാന്‍ ഒറ്റക്ക് ചെയ്തുവെന്ന് സാരം. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴിസിറ്റിയിലെ ഗവേഷകര്‍ ഏഷ്യ മുഴുവനും നടത്തിയ ഒരു ഗവേഷണ പഠനത്തില്‍ അവര്‍ നിരീക്ഷിച്ച മനുഷ്യരില്‍ എട്ട് ശതമാനം പുരുഷന്‍മാരുടെയും വൈ ക്രോമസോം ഒരേ തരത്തിലുള്ളതായിരുന്നു. അതായത് ആയിരമായിരം നാഴികകള്‍ അകലെ വസിക്കുന്നവര്‍ പോലും ബന്ധുക്കളാണെന്നതാണ്. അവര്‍ ഒടുവിലെത്തുന്ന നിഗമനം എട്ട് ശതമാനം ഏഷ്യന്‍ പുരുഷന്‍മാര്‍ ചെങ്കിസ്ഖാന്റെ നേരിട്ടുള്ള കൊച്ചുമക്കളാണെന്നതാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ കാമുകന്‍ മിത്തോളജിയിലെ ‘ കൃഷ്ണന്‍ ‘ അല്ല, ചെങ്കിസ്ഖാനാണ്. കുബ്ലൈഖാന്റെ മക്കളുടെ എണ്ണം മാര്‍ക്കോ പോളോ എഴുതിയിട്ടുണ്ട്. നാലു ഭാര്യമാരിലായി 25 പുത്രന്‍മാര്‍ , വെപ്പാട്ടികളിലായി 25 പുത്രന്‍മാര്‍ പെണ്‍കുട്ടികളെ എണ്ണത്തില്‍ കൂട്ടാറില്ല. ഈ നാല്‍പ്പത്തിയേഴ് പേര്‍ എത്ര കുട്ടികളെ സൃഷ്ടിച്ചിരിക്കണം. കുബ്ലൈഖാന്‍ ചെങ്കിസ്ഖാന്റെ നാമാത്തെ മകന്റെ മകനാണ്.