വെള്ളിക്കൊലുസ്/ബാബുഭരദ്വാജ്

ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഇപ്പോള്‍ നിറയെ തീയും പുകയുമാണ്. നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചും നടക്കാനിരിക്കുന്ന സ്‌ഫോടനങ്ങളെക്കുറിച്ചും അവര്‍ വാചാലമാകുന്നു. ഭരണകൂടത്തിനും ഇപ്പോള്‍ നൂറ് നാക്കാണ്. പ്രതിപക്ഷവും ഭരണകക്ഷിയും ഉച്ചത്തില്‍ വായിട്ടലച്ചുകൊണ്ടിരിക്കുന്നു. ഒച്ച കൂടുമ്പോള്‍ ആള്‍ക്കാര്‍ ബധിരരാകുന്നു എന്ന കാര്യം അവര്‍ ഓര്‍ക്കുന്നേയില്ല. ഈ കാലങ്ങളില്‍ ‘മൗനമാണ് ഭൂഷണ’മെന്ന് പറയാന്‍ പറ്റുമോ?. പറ്റില്ല.

Subscribe Us:

ഭരണകൂടം പറയുന്നതൊക്കെ ചിലര്‍ മധുരപാനീയം പോലെ നുണയുന്നു. ചിലര്‍ അല്‍പം ഉപ്പുകൂട്ടി വിഴുങ്ങുന്നു. രണ്ട് കൂട്ടരും വിശ്വാസികളാണ്. വിശ്വാസികളുടെ രണ്ട് ‘തരങ്ങള്‍. രണ്ട് കൂട്ടരും അധികാരത്തോട് ഒട്ടി നില്‍ക്കുന്നു. അധികാരത്തോട് ഒട്ടിനില്‍ക്കാനും അധികാരം വെച്ചുനീട്ടുന്ന അപ്പക്കഷ്ണങ്ങള്‍ കൊത്തിപ്പറിക്കാനും താല്‍പര്യമുള്ളവരാണ്. ഭരണകൂടം പറയുന്നത് വിശ്വസിക്കാത്തവരുണ്ട്. അവരാണ് അവിശ്വാസികള്‍ . ഉപ്പുകൂട്ടി വിഴുങ്ങുന്നവര്‍ . എവിടെയെങ്കിലും സത്യത്തിന്റെ ഒരംശം കാണുമെന്ന് വിചാരിക്കുന്നവരാണ്.

എന്നാല്‍ അവിശ്വാസികള്‍ ഭരണകൂടം പറയുന്നതില്‍ സത്യത്തിന്റെ ഒരുതരിയുമില്ലെന്ന് പറയുന്നവരാണ്. ഞാനൊരുവിശ്വാസിയാണ്. എല്ലാ തരത്തിലും. മതം പോലും ഭരണകൂടത്തിന്റെ ആടയാഭരണമാണെന്ന് കരുതുന്നവനാണ് ഞാന്‍ . അധികാരം ആദ്യം പ്രത്യക്ഷപ്പെട്ടത് മതത്തിന്റെ രൂപത്തിലാണെന്നും ഞാന്‍ കരുതുന്നു. അധികാരം മതത്തെ കൂട്ട് പിടിച്ചതാണെന്ന് ഞാനൊരിക്കലും കരുതുന്നില്ല. മതത്തിന്റെ ഭരണ വിഭാഗമാണ് അധികാരം. അധികാരം’ഇഹലോക’ത്തിന്റെയും മതം’പരലോക’ത്തിന്റെയും സുല്‍ത്താനാണെന്ന് ഞാന്‍ കരുതുന്നില്ല. രണ്ടും ലോകം പങ്കിട്ടെടുക്കാന്‍ തുനിഞ്ഞിറങ്ങിയ കരാള ശക്തികളാണ്.

ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം മാധ്യമങ്ങളില്‍ നിറയെ വരുന്ന സ്‌ഫോടന കഥകളാണ്. പിടിക്കപ്പെടുന്നവര്‍ അപരാധികളാണോ നിരപരാധികളാണോയെന്നതല്ല ഇവിടെ പ്രശ്‌നം. മതവും ഭരണകൂടവും അവരുടെ ഭരണപരമായ ആവശ്യം കഴിഞ്ഞാല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരെ കയ്യൊഴിയുമെന്നും അവരെ ഇല്ലാതാക്കുമെന്നും ചരിത്രത്തിലൂടെ അലസ സഞ്ചാരം നടത്തുന്നവര്‍ക്കു പോലുമറിയാം. അതിനു വേണ്ടി അവര്‍ ഏതറ്റം വരെയും പോകും. കേരളത്തില്‍ ഇപ്പോള്‍ നടക്കന്നത് അതാണ്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ചിലരെ കയ്യൊഴിക്കണം. ഈ ബഹളങ്ങളൊക്കെ ഏത് അതിര്‍ത്തിവരെ പോകുമെന്ന് നമുക്ക് കാണാനിരിക്കുന്നതെയുള്ളൂ. തെളിവുകള്‍ നേതാക്കന്‍മാരിലെത്തുമ്പോള്‍ അവരീ പൊറാട്ടുനാടകം നിര്‍ത്തും. നാടകത്തിന്റെ തിരശ്ശീല ഉയര്‍ത്തിയവര്‍ തന്നെ ബദ്ധപ്പെട്ട് കര്‍ട്ടനുമിടും. ഭരണത്തെ ജനങ്ങളില്‍ നിന്നും മറച്ചുവെക്കുവാന്‍ ചില സ്‌ഫോടനങ്ങളും സ്‌തോഭജനകങ്ങളായ കഥകളും വേണം. പ്രതിപക്ഷത്തിനും അതാവശ്യമാണ്. കള്ളക്കഥകളിലൂടെ അവര്‍ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടണം. സൂചി അവര്‍ക്ക് നേരെ തിരിയുന്നതിന് മുമ്പ് കളി അവസാനിപ്പിക്കുകയും ഭരണം പിടിച്ചടക്കുകയും വേണം. ഭരണക്കാരും പ്രതിപക്ഷവും എപ്പോഴും സുരക്ഷിതരായിരിക്കാന്‍ ആഗ്രഹിക്കുന്നു. ചരട് അവരുടെ കയ്യിലാണ്. അതെപ്പോഴൊക്കെ വലിക്കണമെന്ന് അവര്‍ക്കറിയാം. ഈ പാവകളിയിലെ ‘പാവകള്‍ ‘ പിടിക്കപ്പെടുന്നവരല്ല, കഥയറിയാതെ ആട്ടം കാണുന്ന നമ്മളാണ്. പാവക്കൂത്ത് കാണാന്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന നമ്മളാണ്.

‘നേരിനെക്കാള്‍ നുണ, നെല്ലിനെക്കാള്‍ പതിര് വിളയുന്ന വല്ലാത്ത കാലമാണിത്’.